
അതിരാവിലെ ഉണരാനുള്ള അലാറം കേട്ടാൽ ഉടൻ സ്‌നൂസ് ബട്ടൺ അമർത്തുന്നവരാണോ നിങ്ങൾ. എങ്കിൽ അത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. പത്തോ പതിനഞ്ചോ മിനിറ്റ് നേരത്തെ അധിക ഉറക്കം പ്രതീക്ഷിച്ചാണ് സ്‌നൂസ് ചെയ്യുന്നതെങ്കിൽ അതുകൊണ്ട് ഒരു ഗുണവുമില്ല.
പല തവണ അലാറം ഓഫ് ചെയ്യുന്നതിനായി ഉണരുന്നതിലൂടെ കൃത്യമായ ഉറക്കം ലഭിക്കാതാവുന്നു. സ്ലീപ് സൈക്കിളിലെ റാപ്പിഡ് ഐ മൂവ്‌മെന്റിനെ ഇത് അലോസരപ്പെടുത്തുന്നു. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമായേക്കാം. മടി, ക്ഷീണം, തളർച്ച എന്നിവയ്ക്കും കാരണമായേക്കാം.
സ്‌നൂസ് ബട്ടൺ അമർത്തിയതിന് ശേഷം വളരെ നേർത്ത ഉറക്കം മാത്രമാണ് ലഭിക്കുന്നത്. ഉണരുന്നതിന് മുൻപുള്ള ഉറക്കത്തിന്റെ സ്വഭാവം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ തലച്ചോറിന് സമൃദ്ധമായ ഉറക്കം ലഭിക്കുന്ന സമയമാണിത്. ഈ ഉറക്കം ഓർമ്മയ്ക്കും മാനസിക ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ടതാണെന്നും പഠനങ്ങൾ പറയുന്നു.
അഞ്ച് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരാണ് കൂടുതലായും സ്‌നൂസ് ബട്ടൺ ഉപയോഗിക്കുന്നത്. യുഎസ്, സ്വീഡൻ, ജർമ്മനി എന്നിവിടങ്ങളിലാണ് സനൂസിങ്ങ് ഏറ്റവും കൂടുതലെന്നും ജപ്പാനിലും ഓസ്‌ട്രേലിയയിലുമാണ് ഏറ്റവും കുറവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
സ്‌നൂസ് ബട്ടൺ ഉപയോഗം കുറയ്ക്കാനായി എഴുന്നേൽക്കേണ്ട കൃത്യസമയത്ത് അലാറം സെറ്റ് ചെയ്ത് വെക്കണം. ആദ്യത്തെ അലാറം കേൾക്കുമ്പോൾ തന്നെ എഴുന്നേറ്റ് ശീലിക്കുക. നേരത്തെ ഉറങ്ങുന്നത് ശീലമാക്കുക. ഓരോ തവണ അലാറം സ്‌നൂസ് ചെയ്യുമ്പോഴും ആ ഉറക്കം നിങ്ങളുടെ ശരീരത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്ന് ഓർക്കുക.
Content Highlight: Alarm Snoozing Is Harmful For Health