
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ അതിദയനീയ പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തെടുത്തത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും പരാജയം വഴങ്ങിയതോടെ ചെന്നൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് വിജയവും ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് എം എസ് ധോണിയും സംഘവും. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ എട്ടുപോയിന്റുമായി ഒന്‍പതാം സ്ഥാനത്തുമാണ്.
What a Yellove turnout! 💛🙌🏻
— Chennai Super Kings (@ChennaiIPL) May 21, 2025
Ever grateful for the whistles, Delhi! 🥳🙏#CSKvRR #WhistlePodu 🦁💛 pic.twitter.com/7H7Su3vK0L
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ജയിച്ചാലും ചെന്നൈ പത്താം സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നിട്ടില്ല. അതേസമയം ഒരു മത്സരം ബാക്കിനില്‍ക്കെ ചെന്നൈയ്ക്ക് അവസാന സ്ഥാനത്തുനിന്ന് കരകയറാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ടൂര്‍ണമെന്റില്‍ അവസാന സ്ഥാനമെന്ന നാണക്കേടെങ്കിലും ഒഴിവാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇനിയും സാധ്യത അവശേഷിക്കുന്നുണ്ട് എന്നതാണ് വസ്തുത. ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ചെന്നൈയ്ക്ക് വിജയം അനിവാര്യമാണ്. നിലവില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെതിരെ വലിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കിയാല്‍ മാത്രമാണ് ചെന്നൈയ്ക്ക് രാജസ്ഥാനെ മറികടന്ന് ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിക്കുക.
ഗുജറാത്തിനെ വീഴ്ത്തിയാല്‍ ധോണിപ്പടയ്ക്ക് എട്ട് പോയിന്റ് സ്വന്തമാകും. ഒന്‍പതാം സ്ഥാനത്തുള്ള രാജസ്ഥാനും എട്ട് പോയിന്റാണുള്ളത്. നിലവില്‍ രാജസ്ഥാന് -0.549 റണ്‍റേറ്റും ചെന്നൈയുടേത് -1.030 റണ്‍റേറ്റുമാണ്. റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്നാല്‍ മാത്രമാണ് ധോണിക്കും സംഘത്തിനും ഒന്‍പതാം സ്ഥാനത്തേക്ക് എത്താനാവുക.
ഗുജറാത്തിനെതിരെ ആദ്യം ബാറ്റുചെയ്യുകയാണെങ്കില്‍ കുറഞ്ഞത് 107 റണ്‍സിനെങ്കിലും ചെന്നൈയ്ക്ക് വിജയിക്കണം. ഗുജറാത്താണ് ആദ്യം ബാറ്റുചെയ്യുന്നതെങ്കില്‍ 7.4 ഓവറില്‍ ചെന്നൈ വിജയലക്ഷ്യത്തിലെത്തണം. എങ്കില്‍ മാത്രമാണ് ചെന്നൈയ്ക്ക് നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടക്കാനാവൂ.
Content Highlights: IPL 2025 Points Table: How Can CSK Avoid 1st Ever Last Place Finish After Loss vs RR