'മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? വി മുരളീധരൻ മാപ്പ് പറയണം'; എ എ റഹീം എംപി

കുട്ടികളോടും കേരളത്തോടും എംഎല്‍എ നിരുപാധികം മാപ്പ് പറയണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

'മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? വി മുരളീധരൻ മാപ്പ് പറയണം'; എ എ റഹീം എംപി
dot image

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വി മുരളീധരന്‍ എംഎല്‍എ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ എ എ റഹീം എംപി. മിഠായി എറിഞ്ഞ് കൊടുത്ത സംഭവത്തില്‍ ആ കുട്ടികളോടും കേരളത്തോടും എംഎല്‍എ നിരുപാധികം മാപ്പ് പറയണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റര്‍ എംഎല്‍എ' എന്ന് പറഞ്ഞുകൊണ്ടാണ് റഹീമിന്റെ കുറിപ്പ് തുടങ്ങുന്നത്. മനസ്സില്‍ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തതെന്നും റഹീം ചോദിച്ചു. കുരുന്നുകളോട് ഇങ്ങനെ പെരുമാറാന്‍ അയിത്തം ആഘോഷമാക്കുന്നവര്‍ക്കേ സാധിക്കൂവെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു. മനുസ്മൃതി അല്ല, അംബേദ്കറും ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്കെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റര്‍ എം.എല്‍.എ!മനസ്സില്‍ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്?
അവര്‍ മിടുക്കരായ കുട്ടികളാണ്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍, സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവര്‍. അവരെ പൊതുമധ്യത്തില്‍ അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവര്‍ത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു.
ഒന്നിലേറെത്തവണ ആ സ്‌കൂളില്‍ പോകുകയും, ആ മക്കളുടെ സ്‌നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. പ്രതിഭയും സ്‌നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേര്‍ത്തുപിടിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്…
ആ കുരുന്നുകളോട് എങ്ങനെ പെരുമാറാന്‍
അയിത്തം ആഘോഷമാക്കുന്നവര്‍ക്കേ സാധിക്കൂ..

ഇതേ സ്‌കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എം എല്‍ എ സഖാവ് കടകംപള്ളി സുരേന്ദ്രന്‍ സിനിമ കാണാന്‍ പോയത്.സംസ്ഥാനത്തിന്റെ വിവിധ ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്
ഈ സ്‌കൂളിലുള്ളത്.മിടുക്കരായ കുട്ടികള്‍.
മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തില്‍ ആ കുട്ടികളോടും കേരളത്തോടും എം എല്‍ എ നിരുപാധികം മാപ്പ് പറയണം.മനുസ്മൃതി അല്ല,അംബേദ്കറും,ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്
'

കുട്ടികളുടെ കയ്യില്‍ മിഠായി നല്‍കാതെ കവറില്‍ നിന്നും മേശപ്പുറത്തേക്ക് ഇട്ടു കൊടുക്കുത്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ എംഎല്‍എക്കെതിരെ രൂപക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വി മുരളീധരനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു.

കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാമായിരുന്നുവെന്നും മുരളീധരന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞു. മാടമ്പിമാരെ പോലെ പെരുമാറി. കേരളത്തെ നാണം കെടുത്തുന്ന പെരുമാറ്റമാണിത്. രാഷ്ട്രീയം നോക്കിയല്ല, ദൃശ്യം കണ്ടപ്പോളുള്ള വേദനയില്‍ പറയുന്നതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ പുറത്തുവന്നത്. മന്ത്രി എ തുളസിയെയും വീഡിയോയിൽ കാണാം. മിഠായി ആ കുഞ്ഞുങ്ങളുടെ കയ്യിൽ കൊടുത്താൽ എന്തായിരുന്നു പ്രശ്നം എന്നുതുടങ്ങി നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.

Content Highlights: AA Rahim Criticises V Muraleedharan Over Sweets Distribution at Tribal School Function

dot image
To advertise here,contact us
dot image