

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് ഐപിഎൽ, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വീണ്ടും നടത്താൻ അനുമതി. സംസ്ഥാന ആഭ്യന്തര മന്ത്രാലയമാണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്‌സിഎ) ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയത്.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) തന്നെയാണ് മത്സരങ്ങൾ നടത്താൻ അനുമതി ലഭിച്ചതായി അറിയിച്ചത്. സർക്കാരും ബന്ധപ്പെട്ട അധികാരികളും നിർദ്ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിച്ചായിരിക്കും മത്സരങ്ങളെന്ന് കെഎസ്‌സിഎ വക്താവ് വിനയ് മൃത്യുഞ്ജയ പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാർ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ആഭ്യന്തര വകുപ്പ് മത്സരങ്ങൾ നടത്താൻ അനുമതി നൽകിയത്.
ആര്‍സിബിയുടെ ഐപിഎൽ 2025 കിരീട നേട്ട ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേരുടെ മരിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റേഡിയം ക്രിക്കറ്റ് കലണ്ടറിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് മാർക്വീ ക്രിക്കറ്റ് മത്സരങ്ങൾ തിരികെ കൊണ്ടുവരുന്നതിനുള്ള ഔദ്യോഗിക അനുമതിയായത്. നേരത്തെ ദുലീപ് ട്രോഫി, ഇന്ത്യ-ദക്ഷിണാഫ്രിക്ക പുരുഷ എ പരമ്പര, വിജയ് ഹസാരെ ട്രോഫി, 2025 ലെ ഐസിസി വനിതാ ഏകദിന ലോകകപ്പ്, ഫൈനൽ എന്നിവയുൾപ്പെടെ നിരവധി പ്രധാന മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയിരുന്നു.
Content Highlights: The KSCA has received state government approval to host IPL and international cricket matches at Bengaluru’s Chinnaswamy Stadium