

പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോട്ടാങ്ങല്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിജെപി പ്രതിനിധി ടോസിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ എസ്ഡിപിഐ നല്‍കിയ പരാതി പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി പ്രതിനിധിയുടെ വിജയം റദ്ദാക്കി.
കോട്ടാങ്ങൽ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് നാമനിർദേശങ്ങളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫ് 5, ബിജെപി 5, എസ്ഡിപിഐ 3 എന്നിങ്ങനെയായിരുന്നു കക്ഷി നില. മൂന്ന് നാമനിർദേശങ്ങളുള്ള സാഹചര്യത്തിൽ രണ്ടുപേർക്ക് സമനില ലഭിച്ചാൽ, ഏറ്റവും കുറഞ്ഞ വോട്ട് നേടിയ കക്ഷിയെ ഒഴിവാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതാണ് പതിവ്. എന്നാൽ കോട്ടാങ്ങൽ പഞ്ചായത്തിൽ രണ്ടാമതൊരു തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നേരെ നറുക്കെടുപ്പിലേക്ക് കടക്കുകയായിരുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധമാണെന്നുമായിരുന്നു എസ്ഡിപിഐ പരാതി.
നറുക്കെടുപ്പിലും വീഴ്ച വരുത്തിയതായും എസ്ഡിപിഐ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. സാധാരണ നിലയിൽ രണ്ട് പേരുകളിലെ നറുക്കെടുപ്പാണെങ്കിൽ എടുക്കുന്ന നറുക്കിലെ പേരുകാരാണ് തെരഞ്ഞെടുക്കപ്പെടുക. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പേര് എഴുതിയ നറുക്കായിരുന്നു എടുത്തത്. എന്നാല്‍ ഇത് ഒഴിവാക്കി ബിജെപി സ്ഥാനാർത്ഥിയെ വൈസ്പ്രസിഡന്‍റായി റിട്ടേണിങ് ഓഫീസർ തെരഞ്ഞെടുത്തുവെന്നുമാണ് പരാതി.
ഈ നീക്കം ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു. എന്നാല്‍ ബിജെപിയുമായുള്ള ധാരണയില്‍ പരാതി കൊടുക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ലെന്നും സ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് നേരത്തെ ആരോപിച്ചിരുന്നു.
Content Highlights: BJP faced a setback in Kottangal Panchayat after the vice president election was cancelled