

കുവൈറ്റ്: പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ബാങ്ക് ഇടപടുകള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ് നാഷണല്‍ ബാങ്ക്. ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെ ചോരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് മുന്നറിയിപ്പ് നൽകിയത്. സൈബര്‍ തട്ടിപ്പിന് എതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നാഷണല്‍ ബാങ്ക് വ്യക്തമാക്കി.
കുവൈറ്റില്‍ സൈബര്‍ തട്ടിപ്പ് വ്യാപകമായതിനാലാണ് പൊതുജനങ്ങള്‍ക്ക് കുവൈറ്റ് നാഷണല്‍ ബാങ്ക് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുതെന്നാണ് നാഷണല്‍ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പബ്ലിക്ക് വൈ-ഫൈ സുരക്ഷിതമല്ലെന്നും എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുളള ബാങ്കിംഗ് ഇടപാടുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായകമാകും.
പബ്ലിക്ക് വൈ ഫൈ ഉപയോഗിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നടത്തിയ നിരവധി പേര്‍ക്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാണെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നാഷണ്‍ ബാങ്ക് പൊതുജനങ്ങളോട് ആവശയപ്പെട്ടു. ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ടോണിക് ഉപകരണങ്ങളില്‍ ആന്റി-വൈറസ്, ആന്റി-ഹാക്കിംഗ് പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതര്‍ ചൂണ്ടികാട്ടി.
പരിചയമില്ലാത്ത ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും അത് വലിയ തട്ടിപ്പിലേക്കുള്ള കെണിയായിരിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം പോലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കണമെന്നും കുവൈറ്റ് നാഷണല്‍ ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: Kuwait National Bank has issued a warning advising customers not to carry out banking transactions using public WiFi networks.