
ഭൂമിയുടെ അകക്കാമ്പില്‍ നിന്ന് സ്വര്‍ണവും മറ്റ് മൂല്യമേറിയ ലോഹങ്ങളും മുകളിലെ പാളികളിലേക്ക് ഒഴുകുന്നതായി പഠനം. ജര്‍മ്മനിയിലെ ഗോട്ടിംഗന്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘം അഗ്നിപര്‍വ്വത പാറകളില്‍, പ്രത്യേകിച്ച് ഹവായിയില്‍ നിന്നുള്ളവയില്‍, അസാധാരണമാംവിധം ഉയര്‍ന്ന അളവില്‍ റുഥേനിയം-100 അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയാതി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂമിയുടെ അകക്കാമ്പില്‍ നിന്നുള്ള വസ്തുക്കള്‍ ഉപരിതലത്തിലെത്താന്‍ സാധ്യതയുണ്ടെന്നതിലേക്കുള്ള സൂചനയാണ് പുതിയ പഠനം. സ്വര്‍ണം റുഥീനിയം പോലെ വിലയേറിയ ലോഹങ്ങളാണ് ഭൂമിയുടെ അകക്കാമ്പിലുള്ളത്. ഹവായിയിലെ ബസാള്‍ട്ടിക് പാറകളെ മൂന്നുവര്‍ഷത്തോളം വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഭൂമിയിലെ സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും, പ്ലാറ്റിനവും - 99.95% ല്‍ കൂടുതല്‍ - അകക്കാമ്പില്‍ ഒളിഞ്ഞിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. ഭൂമിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ക്കാശിലകള്‍ കൂട്ടിയിടിച്ച് അകക്കാമ്പ് രൂപപ്പെട്ടപ്പോള്‍ ഈ മൂല്യമേറിയ ലോഹങ്ങളുടെ റിസര്‍വോയര്‍ വികസിക്കുകയായിരുന്നു. പുതിയ പഠനം സൂചിപ്പിക്കുന്നത് ആ സ്വര്‍ണ്ണത്തിന്റെ ഒരു ചെറിയ അളവെങ്കിലും ഉപരിതലത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ്. ഇത്തരത്തില്‍ ലോഹം ഉപരിതലത്തിലേക്ക് ഒഴുകുന്നത് തുടരുകയാണെങ്കില്‍ അതൊരു വലിയ സാധ്യതയാണ് ഉയര്‍ത്തുന്നത്.
പുതിയതായി വികസിപ്പിച്ചെടുത്ത അള്‍ട്രാ-സെന്‍സിറ്റീവ് ഐസോടോപ്പിക് വിശകലന രീതികള്‍ ഉപയോഗിച്ചായിരുന്നു പഠനം. 'ആദ്യ ഫലങ്ങള്‍ വന്നപ്പോള്‍ ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സ്വര്‍ണം കണ്ടെത്തിയെന്ന് തിരിച്ചറിഞ്ഞു'വെന്ന് ജര്‍മനിയിലെ ഗോട്ടിംഗെന്‍ സര്‍വ്വകലാശാലയിലെ ജിയോകെമിസ്റ്റ് നില്‍സ് മെസ്സിംഗ് പറയുന്നു.
ഭൗമോപരിതലത്തില്‍നിന്ന് സ്വര്‍ണം ലഭ്യമാകുന്നുണ്ടെങ്കിലും ഭൂമിയുടെ നിക്ഷേപത്തിലുളള സ്വര്‍ണത്തിന്റെ ഒരു ചെറിയ അംശം മാത്രമേ ഇവിടെയുള്ളൂ. കട്ടിയേറിയ പാറക്കൂട്ടങ്ങളും പാളികളും കൊണ്ട് ഭൂമി അതിന്റെ സ്വര്‍ണശേഖരത്തിന്റെ ഭൂരിഭാഗവും സംരക്ഷിച്ചുവച്ചിരിക്കുകയാണ്.
ഈ ശേഖരത്തിന്റെ 99 ശതമാനത്തില്‍ അധികവും അതിന്റെ ലോഹ കാമ്പിലാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ സ്വര്‍ണത്തിന്റെ കണക്കെടുത്താല്‍ ഭൂമിയുടെ മുഴുവന്‍ കരയേയും 50 സെ.മീ കനത്തില്‍ മൂടാനുള്ള ശേഖരം ഉണ്ടാകുമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഭൂമിയുടെ ഉള്ളില്‍ സംഭവിക്കുന്ന പ്രക്രിയകളെക്കുറിച്ചുള്ള പുതിയൊരു ഉള്‍ക്കാഴ്ചയാണ് പഠനം നല്‍കുന്നതെന്ന് ശാസ്ത്രജ്ഞന്മാര് പറയുന്നു.
Content Highlights :A study conducted by a team of researchers at the University of Göttingen focusing on volcanic rocks has revealed the secret of gold in the Earth's inner core