ഭൂമിയെ ലക്ഷ്യമാക്കി അതിശക്തമായ സൗര കൊടുങ്കാറ്റ്; മുന്നറിയിപ്പുമായി നാസ

അടുത്തിടെ സൂര്യനിലുണ്ടായ വലിയ പൊട്ടിത്തെറിയുടെ ഭാഗമായി പുറന്തള്ളുന്ന X2.7 ക്ലാസ് സൗരജ്വാലയാണ് ഭൂമിയോട് അടുക്കുന്നത്

dot image

അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നു. മുന്നറിയിപ്പുമായി നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും. അടുത്തിടെ സൂര്യനിലുണ്ടായ വലിയ പൊട്ടിത്തെറിയുടെ ഭാഗമായി പുറന്തള്ളുന്ന X2.7 ക്ലാസ് സൗരജ്വാലയാണ് ഭൂമിയോട് അടുക്കുന്നത്. 2025 ല്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് സൂര്യനില്‍ നടന്ന ഏറ്റവും തീവ്രമായ സ്‌ഫോടനമാണ് ഇപ്പോള്‍ നടന്നത്. സൗര കൊടുങ്കാറ്റ് മൂലം ലോകത്തിന്റെ പല ഭാഗങ്ങളില്‍ റേഡിയോ ബ്ലാക്കൗട്ടുകള്‍ , ജിപിഎസ് തടസങ്ങള്‍ , ശക്തമായ അറോറകള്‍ എന്നിവ ഉണ്ടാകുമെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു.

സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള വികിരണത്തിന്റെ പെട്ടന്നുള്ളതും തീവ്രവുമായ പൊട്ടിത്തെറികളാണ് സൗരജ്വാലകള്‍. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉടനടി ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള റേഡിയോ ആശയവിനിമയങ്ങള്‍, വ്യോമസേന സംവിധാനങ്ങള്‍, നാവിഗേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയെ ഈ വികിരണങ്ങള്‍ തടസപ്പെടുത്തും. തുടര്‍ച്ചയായ സൗരജ്വാലകളും കൊറോണല്‍ മാസ് ഇജക്ഷനുകളും (സിഎംഇ) ബഹിരാകാശ ഉപഗ്രഹങ്ങള്‍, ബഹിരാകാശ യാത്രികര്‍ എന്നിവരേയും ബാധിച്ചേക്കാം.

നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച് അടുത്തിടെ സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറി മിഡില്‍ ഈസ്റ്റില്‍ താല്‍ക്കാലിക റേഡിയോ തടസങ്ങള്‍ക്ക് കാരണമാകുകയും ഇത് ഏകദേശം 10 മിനിറ്റ് നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സൂര്യന്റെ 11 വര്‍ഷത്തെ സൗരചക്രം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈ ഘട്ടത്തില്‍ സൂര്യന്റെ കാന്തിക ധ്രുവങ്ങള്‍ ചലിക്കുകയും സൂര്യകളങ്കങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് ഇടയ്ക്കിടെ തീവ്രമായ സൗര കൊടുങ്കാറ്റുകള്‍ക്ക് കാരണമാകും.

നിലവില്‍ സൂര്യകളങ്ക മേഖലയായ AR4087 നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഏജന്‍സികള്‍. സൂര്യന്റെ ഭൂമിക്ക് അഭിമുഖമായ ഭാഗത്ത് അഞ്ച് സജീവ സൂര്യ കളങ്ക മേഖലകള്‍ വരെ ഉണ്ടെന്നാണ് പഠനം. ഇത് കൂടുതല്‍ ജ്വാലകളുടെയും കൊറോണല്‍ മാസ് ഇജക്ഷന്റെയും സാധ്യത വര്‍ധിപ്പിക്കുന്നു. വരുന്ന ആഴ്ചകളിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒന്നിലധികം സൗരകളങ്ക മേഖലകളെ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlights :A very powerful solar storm is heading towards Earth. NASA warns

dot image
To advertise here,contact us
dot image