Top

അനുപമയ്ക്ക് പിന്തുണ; ഭാഗ്യ ലക്ഷമിയും കുക്കു പരമേശ്വരനും സമരപ്പന്തലില്‍

ഇന്ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം അനുഷ്ഠിക്കുന്നത്

23 Oct 2021 7:47 AM GMT
ഫിൽമി റിപ്പോർട്ടർ

അനുപമയ്ക്ക് പിന്തുണ; ഭാഗ്യ ലക്ഷമിയും കുക്കു പരമേശ്വരനും സമരപ്പന്തലില്‍
X

തന്റെ കുഞ്ഞിനെ തിരികെ ലഭിക്കാനായി നിരഹാര സമരം നടത്തുന്ന അനുപമക്ക് പിന്തുണയുമായി അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷമിയും കുക്കു പരമേശ്വരനും. അനുപമ നിരാഹാരമരിക്കുന്ന സെക്ട്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ ഇരുവരും സന്ദര്‍ശനം നടത്തി.

ഇന്ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം അനുഷ്ഠിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെയോ സിപിഐഎമ്മിനോ സര്‍ക്കാരിനോ എതിരെയല്ല തങ്ങളുടെ സമരമെന്ന് അജിത്ത് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ സമരം അനിശ്ചിതക്കാല സമരമല്ല, മറിച്ച് പ്രതിഷേധം അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും അജിത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

പ്രസവിച്ച് മൂന്നാം നാള്‍ അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ഇതില്‍ പരാതി നിലനില്‍ക്കെയും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.

നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നുമാണ് അനുപമ ആരോപിക്കുന്നു.

Next Story

Popular Stories