Top

'ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു'; കേസ് വഴിതിരിക്കാന്‍ പൊലീസിന്റെ ഫ്യൂസ് ഊരിയോയെന്ന് വി ഡി സതീശന്‍

'പാതി വെന്ത റിപ്പോര്‍ട്ട് എന്തിനാണ് സമര്‍പ്പിച്ചതെന്നും കോടതി പരിശോധിക്കണം'

24 May 2022 6:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു; കേസ് വഴിതിരിക്കാന്‍ പൊലീസിന്റെ ഫ്യൂസ് ഊരിയോയെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേസില്‍ പുതിയ സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കാതെ കേസ് പാതി വഴിയില്‍ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

'അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചോ, അന്വേഷണം സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയോ, കേസ് വഴിതിരിക്കാന്‍ പൊലീസിന്റെ ഫ്യൂസ് ഊരിയോ, പാതി വെന്ത റിപ്പോര്‍ട്ട് എന്തിനാണ് സമര്‍പ്പിച്ചത് തുടങ്ങി എല്ലാ കാര്യവും കോടതി പരിശോധിക്കണം' വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് അതിജീവിതയ്‌ക്കൊപ്പമാണ്. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഉമ തോമസ് അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ ഒരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ ഒരനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഇന്നലെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജിയില്‍ വിചാരണക്കോടതിക്കും സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പിന്തുണ നല്‍കി എന്നാല്‍ പിന്നീട് പിന്‍വാങ്ങിയെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ഇ പി ജയരാജന്‍ നടിയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താല്‍പര്യം ഉണ്ടോ എന്ന പരിശോധിക്കണമെന്ന് പ്രതികരിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് അഡ്വ പി വി മിനി മുഖേന നടി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് ജഡ്ജി അറിയിക്കുകയായിരുന്നു.

STORY HIGHLIGHTS: VD Satheesan has criticized the government on actress attack case

Next Story