Top

പൊതുറോഡ് സ്വകാര്യ ഹോട്ടല്‍ പാര്‍ക്കിങ്ങിന്; കരാര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ റദ്ദാക്കി

പാര്‍ക്കിംഗ് അനുവദിച്ചാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിംഗിന് എത്തുന്നവരെ തടസ്സപ്പെടുത്തരുതെന്നും കരാറില്‍ പറയുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍ വാദം

11 Oct 2022 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊതുറോഡ് സ്വകാര്യ ഹോട്ടല്‍ പാര്‍ക്കിങ്ങിന്; കരാര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ റദ്ദാക്കി
X

തിരുവനന്തപുരം: പൊതു റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ചുകൊണ്ടുള്ള കരാര്‍ റദ്ദാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഹോട്ടലുടമ കരാര്‍ ലംഘിച്ചുവെന്ന് കാട്ടിയാണ് അനുമതി റദ്ദാക്കിയത്. റോഡ് വാടകയ്ക്ക് നല്‍കിയ ഭാഗത്ത് മറ്റ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് നിഷേധിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍, കരാര്‍ ലംഘനമുണ്ടെന്നും റദ്ദാക്കണമെന്നും എന്‍ജിനീയിറിംഗ് വിഭാഗം ശുപാര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.

പാര്‍ക്കിംഗ് അനുവദിച്ചാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിംഗിന് എത്തുന്നവരെ തടസ്സപ്പെടുത്തരുതെന്നും കരാറില്‍ പറയുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍ വാദം. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് തേടിയിരുന്നു. റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയറോടാണ് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമാണ് കരാറില്‍ ഒപ്പ് വെച്ചത്.

മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഉപദേശക സമിതി ചേര്‍ന്നത്. നേരത്തെ പൊതു ജനങ്ങളില്‍ നിന്നും പത്ത് രൂപ ഈടാക്കി പാര്‍ക്കിംഗ് അനുവദിച്ചിരുന്ന സ്ഥലമാണ് ഇത്തരത്തില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ഇതോടെ മറ്റുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലുകള്‍ തടയുന്നതായും പരാതി ഉയര്‍ന്നിരുന്നു. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാര്‍ക്കിംഗിന് അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതിയില്ല.

നഗരസഭാ നല്‍കിയ വിശദീകരണം-

പാര്‍ക്കിംഗ് ഏരിയ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നഗരസഭ വിശദീകരിച്ചു. ആയൂര്‍വേദ കോളേജിന് മുന്‍വശത്തെ ദേവസ്വംബോര്‍ഡ് ബില്‍ഡിങ്ങിന് സമീപം പാര്‍ക്കിംഗ് ഏരിയ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. നിലവില്‍ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയില്‍ ട്രാഫിക് നിയന്ത്രണത്തിന് 225 വാര്‍ഡാന്‍മ്മാരെ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയില്‍ അടയ്ക്കുകയാണ് പതിവ്. തുക നഗരസഭ അല്ല സ്വീകരിക്കുന്നത്.

ചില ഇടങ്ങളില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നല്‍കും. 2017-മുതല്‍ ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിംഗ് ഏരിയ വാടകയ്ക്ക് നല്‍കാറുണ്ട്. ഈ പ്രദേശത്ത് വാര്‍ഡന്മാര്‍ പണം പിരിക്കാറില്ല. മാസം തോറും അപേക്ഷകന്‍ സൊസൈറ്റിയില്‍ നേരിട്ട് പണം നല്‍കും. എന്നാല്‍ ഇവിടെ പാര്‍ക്കിംഗിനായി എത്തുന്ന ആരേയും തടയാന്‍ അപേക്ഷകന് അധികാരമില്ല. ആയൂര്‍വേദ കോളേജിന് സമീപത്തെ ബില്‍ഡിംഗിന് മുന്‍വശത്തെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയില്‍ ട്രാഫിക് വാര്‍ഡന്‍ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നല്‍കാമെന്നുമായിരുന്നു.

ട്രാഫിക് ഉപദേശക സമിതി അപേക്ഷ പരിശോധിക്കുകയും തുടര്‍ന്ന് അനുമതി നല്‍കുകയുമാണ് ചെയ്തത്. നഗരസഭയും അപേക്ഷകനും തമ്മില്‍ എഴുതി തയ്യാറാക്കിയ കരാറില്‍ അതു വഴിയുളള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാല്‍ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി നഗരസഭ സ്വീകരിക്കും.

Next Story