ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചു, പാക് വ്യോമതാവളങ്ങൾ തകർത്തു; അഞ്ച് ഇന്ത്യൻ സെെനികർക്ക് വീരമൃത്യു: സേന

കൊടുംഭീകരരെ പരിശീലിപ്പിച്ച ലഷ്‌കര്‍ ഇ തൊയ്ബയുടെ കേന്ദ്രമായ മുരുദ്‌കെ തകര്‍ക്കാനായി

dot image

ന്യൂഡല്‍ഹി: തീവ്രവാദികളെ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യംവെച്ചതെന്ന് സേന. കര-നാവിക-വ്യോമ സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് തെളിവുകൾ നിരത്തി വിശദീകരിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും സേന വിശദീകരിച്ചു. അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങളുടെ ഭൂപ്രകൃതിയും നിര്‍മ്മാണ രീതിയുമുള്‍പ്പെടെ വിശദമായി പരിശോധിച്ചെന്നും മറ്റ് നാശനഷ്ടങ്ങളുണ്ടാകാതിരിക്കാന്‍ സ്വയം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നെന്നും സേന വ്യക്തമാക്കി.

'നിരവധി കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. പലതില്‍ നിന്നും തിരിച്ചടി ഭയന്ന് ഭീകരര്‍ ഒഴിഞ്ഞുപോയിരുന്നു. തീവ്രവാദികളെ മാത്രമാണ് ലക്ഷ്യംവെച്ചത്. ഒമ്പത് ക്യാംപുകളില്‍ തീവ്രവാദികളുണ്ടെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇവയില്‍ ചിലത് പാക് അധിനിവേശ കശ്മീരിലായിരുന്നു. മറ്റുളളവ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. കൊടുംഭീകരരെ പരിശീലിപ്പിച്ച ലഷ്‌കര്‍ ഇ തൊയ്ബയുടെ കേന്ദ്രമായ മുരുദ്‌കെ തകര്‍ക്കാനായി'- ലഫ്. ജനറല്‍ രാജീവ് ഘായ് പറഞ്ഞു.

ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലായി നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടതെന്നും യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍ നിയന്ത്രണരേഖ ലംഘിച്ച് സാധാരണക്കാരുളള ജനവാസമേഖലകളിലും ആരാധനാലയങ്ങളിലും ആക്രമണം നടത്തിയെന്നും ഓരോ ആക്രമണങ്ങളെയും ഇന്ത്യ ചെറുത്തുതോല്‍പ്പിച്ചെന്നും രാജീവ് ഘായ് കൂട്ടിച്ചേര്‍ത്തു.

ആക്രമണം നടത്തിയ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചും മിസൈലുകള്‍ ഉപയോഗിച്ചുമാണ് ഇന്ത്യന്‍ മിലിട്ടറി താവളങ്ങളെ പാകിസ്താന്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. പാകിസ്താന്റെ ആക്രമണങ്ങളെയെല്ലാം പ്രതിരോധിച്ചു. ഏഴാം തിയതിയും എട്ടാം തിയതിയും അതിര്‍ത്തിയിലെ എല്ലാ നഗരങ്ങള്‍ക്കുമുകളിലും ഡ്രോണുകള്‍ എത്തി. അവയെല്ലാം സുരക്ഷാസേന വെടിവെച്ചിട്ടു. സിവിലിയന്‍ വിമാനങ്ങള്‍ പറക്കുന്നതിനിടെയായിരുന്നു പാകിസ്താന്റെ ആക്രമണം.

എട്ടാം തിയതി രാത്രി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ താവളങ്ങള്‍ കേന്ദ്രീകരിച്ചും പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ നമുക്ക് ഒരു തരത്തിലുളള നാശനഷ്ടവുമുണ്ടാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്റെ 30-40 സൈനിക വരെ കൊല്ലപ്പെട്ടു. പാകിസ്താനിലെ ജക്കോബാബാദ്, ബൊലാറി, സര്‍ഗോദ, റഹീം യാര്‍നല്‍, ചക്കാല നൂര്‍ ഖാന്‍ വ്യോമ താവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. പാകിസ്താനുമായുളള ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 5 സൈനികരാണ് വീരമൃത്യു വരിച്ചതെന്നും സെെന്യ അറിയിച്ചു.

Content Highlights: joint press meet of army navy and air force on operation sindoor and ceasefire

dot image
To advertise here,contact us
dot image