Top

'നായന്മാരുടെ കാപ്പിക്കട'; 'എന്‍എസ്എസ് ശുദ്ധ സസ്യാഹാര വില്‍പന ശാല' സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

രണ്ട് കോളം പരസ്യത്തില്‍ നിറഞ്ഞിരിക്കുന്നത് തികഞ്ഞ ജാതിയതാണെന്ന് ഫേസ്ബുക്ക് യൂസര്‍മാരില്‍ ഒരു വിഭാഗം ചൂണ്ടികാട്ടുന്നു

17 Jun 2022 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നായന്മാരുടെ കാപ്പിക്കട; എന്‍എസ്എസ് ശുദ്ധ സസ്യാഹാര വില്‍പന ശാല സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച
X

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ നായന്മാരുടെ കാപ്പിക്കട എന്ന പേരില്‍ പ്രചരിക്കുന്ന പരസ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. 'എന്‍എസ്എസ് പ്രവര്‍ത്തകര്‍' ആരംഭിക്കുന്ന പത്മാ കഫെ 'ശുദ്ധസസ്യാഹാര വില്‍പനശാല' തുടങ്ങിയ കാര്യങ്ങള്‍ സവിശേഷതയായി അവതരിപ്പിക്കുന്ന പരസ്യത്തിനെതിരെ വിമര്‍ശനവും പരിഹാസവും നിറയുകയാണ്. രണ്ട് കോളം പരസ്യത്തില്‍ നിറഞ്ഞിരിക്കുന്നത് തികഞ്ഞ ജാതിയതാണെന്ന് ഫേസ്ബുക്ക് യൂസര്‍മാരില്‍ ഒരു വിഭാഗം ചൂണ്ടികാട്ടുന്നു.

ശുദ്ധ സസ്യാഹാര വില്‍പ്പനശാല, കറിയിക്ക് അരിയുന്നത് മുതല്‍ പാചകം പൂര്‍ത്തിയാക്കി വിളമ്പാനായി തയ്യാറാക്കുന്നത് വരെ യന്ത്ര സംവിധാനങ്ങള്‍, തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച 30 വനിതകളുടെ മേല്‍നോട്ടം തുടങ്ങി പരസ്യത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളാണ് വിമര്‍ശന വിധേയമാവുന്നത്. പേരിനൊപ്പം ജാതി ചേര്‍ത്ത് ബ്രാന്റ് ചെയ്യുന്നത് അടക്കം തികഞ്ഞ സവര്‍ണതയും, വേര്‍തിരിവുമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നാണ് വിമര്‍ശനം.

സംഭവം ആകെപ്പാടെ ഒരു സംഘി നാറ്റമാണല്ലോയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ആയിരുന്ന ഡോ. കെ പി അരവിന്ദന്‍ പരിഹസിച്ചു.

''നായരുടെ കാപ്പിക്കട' എന്നോ 'നായരുടെ ചായക്കട' എന്നോ പറഞ്ഞാല്‍ മനസ്സിലാക്കാമായിരുന്നു. പണ്ട് പല ഗ്രാമങ്ങളിലും അങ്ങിനെ കട നടത്തുന്ന ഒരു നായരെ കാണാമായിരുന്നു. പക്ഷെ, ഇതിപ്പോള്‍ 'നായന്മാരുടെ കാപ്പികട' ആയി മാറിയിട്ടുണ്ട്. നടത്തുന്നത് എന്‍എസ്എസ് പ്രവര്‍ത്തകരും. അപ്പോള്‍ സംഗതി ആകെ മാറി. പോരാത്തതിന് വെജിറ്റേറിയനും (നായര്‍ എന്നു തൊട്ടാണോ വെജിറ്റേറിയന്‍ ആയത്). ആകപ്പാടെ ഒരു സംഘി നാറ്റം. ചൈനീസ് നായന്മാര്‍ക്കു വേണ്ടി ചൈനീസ് വെജിറ്റേറിയന്‍ ഉണ്ട് എന്നതാണ് ആകെ ഒരു സമാധാനം. ചിലര്‍ക്കായി പുറത്ത് ചിരട്ടയില്‍ ചായ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്തോ?' എന്നായിരുന്നു ചോദ്യം.

'തെക്കന്‍ കേരളത്തില്‍ ഇത് നടക്കും. ജാതി കോമരങ്ങള്‍ ഉറഞ്ഞുതുളുന്ന ഒരു നാടായി തെക്കന്‍ കേരളം മാറി' , 'നായന്മാരുടെ കാവിപ്പട', ഇപ്പോള്‍ ഇല്ലെങ്കില്‍ വര്‍ഗീയ ചിന്താഗതി ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ചിരട്ടയിലും വിളമ്പും' എന്ന് തുടങ്ങുന്നു മറ്റ് ചില പ്രതികരണങ്ങള്‍.

ഭിന്നാഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്‍എസ്എസ്, എസ്എന്‍ഡിപി, എംഇഎസ് തുടങ്ങിയവര്‍ വിദ്യാഭ്യാസ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നത് പോലെ എന്‍എസ്എസ് ന്റെ റസ്റ്റോറന്റ് സഹകരണ ബിസിനസ് സ്ഥാപനം എന്ന് കണ്ടാല്‍ പോലെയെന്നായിരുന്ന് ചിലര്‍ ചോദിക്കുന്നു.

'നായര്‍ കട എന്ന് എവിടെ എങ്കിലും കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നില്ല. എന്‍എസ്എസ്, എസ്എന്‍ഡിപി, എംഇഎസ് ഒക്കെ വിദ്യാഭ്യാസ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നത് പോലെ എന്‍എസ്എസിന്‍റെ റസ്റ്റോറന്റ് സഹകരണ ബിസിനസ് സ്ഥാപനം എന്ന് കണ്ടാല്‍ പോലെ. ആര്‍ക്കെങ്കിലും ജോലി ചെയ്തു ജീവിക്കാന്‍ അവസരം കിട്ടട്ടെ. ഇന്നത്തെ സാഹചര്യത്തില്‍ ഒരു സാധാരണ വീട്ടില്‍ മാസം പതിനയ്യായിരം രൂപ എത്തിക്കാന്‍ പറ്റിയാല്‍ അത് വലിയ സാമൂഹ്യ സേവനം ആണ്. അതില്ലാതെ ആക്കാന്‍ നോക്കുന്നത് ശരിയല്ല. പകരം കൊടുക്കാന്‍ ജോലികള്‍ കുറ്റപ്പെടുത്തുന്നവരുടെ കൈയ്യില്‍ ഇല്ലല്ലോ. വെജിറ്റേറിയന്‍ ,നോണ്‍ ഒക്കെ നടത്തുന്നവരുടെ സ്വാതന്ത്ര്യം ഭക്ഷണം പെരുമാറ്റം നല്ലത് എങ്കില്‍ വിജയിക്കും ഇല്ലെങ്കില്‍ ഇല്ല എനിക്ക് അറിയാവുന്ന നായര്‍ ആരും വെജിറ്റേറിയന്‍ അല്ല, പോത്തും പോര്‍ക്കും മത്സ്യവും നല്ല പോലെ കഴിക്കുന്നവര്‍ ആണ്.' സതീഷ് കുമാര്‍ ഗോവിന്ദ് എന്നയാള്‍ വിശദീകരിച്ചു.

ജാതീയതയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഒരു ജാതിയില്‍ പെട്ടവരെ മുഴുവനായി വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഒരു ജാതിയില്‍ പെട്ടവരെ ആകെ സാമ്യാനവല്‍ക്കരിക്കുന്നത് അധിക്ഷേപവും വംശീയതയുമായി മാറുകയാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു.

Next Story