യുക്രെയ്നൊപ്പം; പിന്തുണച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് നേതാക്കൾ കീവിൽ, സെലന്‍സ്‌കിയുമായി ചർച്ച

ആദ്യമായാണ് യൂറോപ്യൻ നേതാക്കൾ ഇത്തരത്തിലൊരു സംയുക്ത സന്ദർശനം നടത്തുന്നത്

dot image

കീവ്: യുക്രെയ്ന് പിന്തുണയുമായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഇന്ന് കീവിൽ. 30 ദിവസത്തെ വെടിനിർത്തലിന് റഷ്യ സമ്മതിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവർ ഇന്ന് യുക്രെയ്ൻ സന്ദർശിക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യം പ്രദർശിപ്പിക്കുന്നതിനായാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയുമായി നേതാക്കൾ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.

30 ദിവസത്തെ നിരുപാധിക വെടിനിർത്തൽ വേണമെന്ന് നേതാക്കൾ റഷ്യയോട് ആവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ സുസ്ഥിര സമാധാനത്തിന്റെ ആദ്യപടിയായിരിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് ഭരണകൂടവും നേരത്തെ പറഞ്ഞിരുന്നു. സമാധാന കരാറിനായുള്ള പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനങ്ങൾക്ക് തങ്ങൾ പിന്തുണ ആവർത്തിക്കുമെന്ന് നാല് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് യുക്രെയ്ൻ സമ്മതം അറിയിച്ചെങ്കിലും റഷ്യ ഇതുവരെ കരാറിന് സമ്മതം അറിയിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യമായാണ് യൂറോപ്യൻ നേതാക്കൾ ഇത്തരത്തിലൊരു സംയുക്ത സന്ദർശനം നടത്തുന്നത്. ജർമ്മൻ ചാൻസലർ എന്ന നിലയിൽ ഫ്രെഡറിക് മെർസിന്റെ ആദ്യത്തെ യുക്രെയ്ൻ സന്ദർശനമാണിത്.

ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് |  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ | Emmanuel Macron | Friedrich Merz
ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

'റഷ്യ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കണം. നിയമ വിരുദ്ധ അധിനിവേശത്തിനെതിരെ ഫ്രാൻസ്, ജർമ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്നോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ സുരക്ഷിത്വം ഉറപ്പാക്കണം. വരും തലമുറയ്ക്കായി പരമാധികാരവുമുള്ള ഒരു രാഷ്ട്രമായി യുക്രെയ്ൻ മാറണം. യുക്രെയ്നുളള പിന്തുണ യൂറോപ്യൻ നേതാക്കൾ തുടരും. റഷ്യ ഒരു ശാശ്വത വെടിനിർത്തലിന് സമ്മതിക്കുന്നതുവരെ യുദ്ധ യന്ത്രത്തിൽ ഞങ്ങൾ സമ്മർദ്ദം വർധിപ്പിക്കുന്നതായിരിക്കും. സന്ദർശന വേളയിൽ, കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്നതിനായി യുക്രെയ്ൻ പതാകകൾ സ്ഥാപിക്കുന്ന മൈതാനത്ത് റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി ആദരാഞ്ജലികൾ അർപ്പിക്കു'മെന്നും പ്രസതാവനയിൽ പറഞ്ഞിട്ടുണ്ട്. വായു, കര, സമുദ്ര, പുനരുജ്ജീവന സേനയുടെ പുരോഗതിയെക്കുറിച്ച് മറ്റ് നേതാക്കളെ അറിയിക്കുന്നതിനായി സെലൻസ്കിയുമായി ചർച്ച നടത്തണമെന്നുമാണ് തീരുമാനമെന്നും പ്രസ്താവനയിലുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ |  പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് | Keir Starmer |  Donald Tusk
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്‍റെ വാർഷികാഘോഷം കഴിഞ്ഞ ദിവസം റഷ്യയിൽ നടന്നിരുന്നു. റഷ്യൻ പരേഡിൽ പങ്കെടുക്കുന്നതിനായി ചൈനീസ് നേതാവ് ഷി ജിൻപിങ് ഉൾപ്പെടെയുളള നേതാക്കൾ റഷ്യ സന്ദർശിച്ചിരുന്നു. 2022 ൽ റഷ്യ യുക്രെയ്നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം വാർഷികാഘോഷം കാര്യമായ രീതിയിൽ നടത്തിയിരുന്നില്ല. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, സെർബിയ പ്രസിഡന്റ് അലക്സാണ്ടർ വുസിക്, വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ, പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയ വാർഷികാഘോഷം
രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയ വാർഷികാഘോഷം

യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ സ്ലൊവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും പരിപാടിയുടെ ഭാ​ഗമായി റഷ്യയിൽ എത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് റോബർട്ട് ഫിക്കോയും പരേഡിൽ പങ്കെടുത്തത്. പരേഡിൽ പങ്കെടുത്ത ഏക യൂറോപ്യൻ യൂണിയൻ നേതാവും ഫിക്കോ ആയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക ക്ഷണ പ്രകാരമായിരുന്നു നേതാവിന്റെ മോസ്കോ സന്ദർശനമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Leaders of UK, France, Germany and Poland to visit Ukraine to Show support

dot image
To advertise here,contact us
dot image