
വാഷിംഗ്ടൺ: ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായി എന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ രാത്രി മുഴുവൻ നീണ്ട ചർച്ചയിൽ ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.
വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഡൊണാൾഡ് ട്രംപ് എക്സിൽ കുറിച്ചു. വിവേക പൂർണമായ തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടതിൽ സന്തോഷമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് എക്സിൽ വ്യക്തമാക്കി.
വെടിനിർത്തൽ ഇരു രാജ്യങ്ങളും അംഗീകരിച്ചെന്ന് വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെ ഡി വാൻസും രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ത്യ - പാക് പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, അജിത് ഡോവൽ, അസീം മുനീര്‍, അസീം മാലിക് എന്നിവരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നും മാർക്കോ റൂബിയോ ട്വീറ്റ് ചെയ്തു. സമാധാനത്തിന്‌റെ പാത സ്വീകരിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും മാർക്കോ റൂബിയോ എക്സിൽ നന്ദി അറിയിച്ചു.
അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചു എന്ന് ഇന്ത്യയും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യസെക്രട്ടറി വികം മിശ്രി വാർത്താ സമ്മേളനത്തിലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചത്. തർക്കവിഷയങ്ങളിൽ ഇപ്പോൾ ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകിട്ട് അഞ്ച് മണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും കര, വ്യോമ, നാവിക സൈനികനടപടികൾ ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്.
— Donald J. Trump (@realDonaldTrump) May 10, 2025
content highlights : India and Pakistan reach ceasefire agreement amid US intervention; Trump claims