Top

കല്ലമ്പലത്തെ മരണ പരമ്പരയിൽ ദുരൂഹത; പിഡബ്ല്യൂഡി ഉദ്യോ​ഗസ്ഥന്റേത് കൊലപാതകം

തിങ്കളാഴ്ചയാണ് പൊതുമരാമത്ത് ഉദ്യോ​ഗസ്ഥൻ അജി കുമാറിനെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

2 Feb 2022 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കല്ലമ്പലത്തെ മരണ പരമ്പരയിൽ ദുരൂഹത; പിഡബ്ല്യൂഡി ഉദ്യോ​ഗസ്ഥന്റേത് കൊലപാതകം
X

തിരുവനന്തപുരം കല്ലമ്പലത്ത് പിഡബ്ല്യൂഡി ഉദ്യോ​ഗസ്ഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പിഡബ്ല്യൂഡി ഉദ്യോ​ഗസ്ഥൻ അജികുമാറിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മദ്യപാനത്തിനിടെ സുഹൃത്തുക്കളായ അജിത്ത്, ബിനു രാജ് എന്നിവർ ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ‍. അജികുമാറിന്റെ കൊലപാതകത്തിന് പിന്നിൽ സംഘത്തിലുണ്ടായിരുന്ന സജീവ് കുമാറാണെന്ന് ആരോപിച്ച് സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായി. ഇതിനെ തുടർന്ന് സജീവ് കുമാറെന്നയാൾ അജിത്തിനെ പിക്ക് അപ് വാനിടിച്ച് കൊലപ്പെടുത്തി‌. ഈ കേസിൽ സജീവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.

തിങ്കളാഴ്ചയാണ് പൊതുമരാമത്ത് ഉദ്യോ​ഗസ്ഥൻ അജി കുമാറിനെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലമ്പലത്തെ വീട്ടിൽ അജി കുമാർ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളായ അജിത്തും ബിനു രാജും ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിനകം അജിത്തും, ബിനു രാജും വാഹമിടിച്ച് മരണപ്പെട്ടു. അടുത്തടുത്ത ദിവസങ്ങളിൽ സുഹൃത്തുക്കൾ മരണപ്പെട്ടതോടെയാണ് ദുരൂഹതയുയർന്നത്.

അജി കുമാറിന്റെ കൊലപാതകത്തിന് ശേഷവും സുഹൃത്തുക്കൾ ഇയാളുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിൽ അജികുമാറിന്റെ മരണത്തിന് കാരണം സജീവ് കുമാറാണെന്ന് മറ്റൊരു സുഹൃത്തായ പ്രമോദും അജിത്തും ആരോപിച്ചു. ഇതോ തുടർന്ന് സജീവ് കുമാർ അജിത്തിനും പ്രമോദിനും നേരെ പിക്ക്അപ് വാനിടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ അജിത്ത് കൊല്ലപ്പെടുകയും പ്രമോദ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. രണ്ടാമത്തെയാളായ ബിനു രാജ് ബസിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നി​ഗമനം.

Next Story