രണ്ടാം നിലയിലെ ഓഫീസില്‍ എത്താന്‍ ബുദ്ധിമുട്ട്; ഭിന്നശേഷി ജീവനക്കാരന് നാട്ടിലേക്ക് സ്ഥലം മാറ്റം നല്‍കിയെന്ന് എംബി രാജേഷ്
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസുകളും ഭിന്നശേഷി സൗഹൃദമാണെന്ന് ഭരണ സമിതികള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
30 Jan 2023 3:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഹെഡ് ക്ലര്‍ക്ക് ജെയ്‌സണ്‍ വിഎന്‍ എന്ന ജീവനക്കാരന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെക്ക് സ്ഥലം മാറ്റം നല്‍കിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവില്‍ ജെയ്‌സണ് സ്ഥലം മാറ്റം ലഭിച്ച പാറക്കടവ് പഞ്ചായത്ത് ഓഫീസ് രണ്ടാം നിലയിലായതിനാലുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ജെയ്‌സന്റെ വീടിന് അടുത്തുള്ളതും, ഗ്രൗണ്ട് ഫ്‌ലോറില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓഫീസ് കണ്ടെത്തിയാണ് മാറ്റം നടത്തിയത്. ഭിന്നശേഷിക്കാരായ ജീവനക്കാരോട് സഹാനുഭൂതിയോടെ പെരുമാറുന്ന സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസുകളും ഭിന്നശേഷി സൗഹൃദമാണെന്ന് ഭരണ സമിതികള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ആലങ്ങോട് പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു ജെയ്‌സണ്‍. അവിടെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ജെയ്‌സണ്‍ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നില്ല. മൂന്ന് വര്‍ഷം കഴിഞ്ഞവരെ എല്ലാവരെയും സ്ഥലം മാറ്റണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി കരട് പട്ടികയില്‍ ജെയ്‌സണെ വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.
വീടിന് അകലെയാണ് ഈ ഓഫീസ് എന്ന് ചൂണ്ടിക്കാട്ടി ജെയ്‌സണ്‍ അപേക്ഷ നല്‍കുകയും, ഇത് പരിഗണിച്ച് വീടിന് സമീപമുള്ള പാറക്കടവ് പഞ്ചായത്തില്‍ നിയോഗിക്കുകയുമാണ് ചെയ്തത്. എന്നാല്‍ രണ്ടാം നിലയിലാണ് പാറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടനെ മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ജെയ്‌സണെ സൗകര്യപ്രദമായ സ്ഥലത്ത് ജോലിക്ക് നിയോഗിക്കുകയായിരുന്നു.