Top

സില്‍വര്‍ലൈനിനെതിരെ താമര കര്‍ഷകരുടെ സമരം; മുന്‍നിരയില്‍ ലീഗ് എംഎല്‍എമാരും ബിജെപി ജില്ലാ പ്രസിഡന്റും

നാട്ടുകാരും താമര കര്‍ഷകരും ചേര്‍ന്നാണ് സമരം നടത്തിയത്

1 April 2022 9:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സില്‍വര്‍ലൈനിനെതിരെ താമര കര്‍ഷകരുടെ സമരം; മുന്‍നിരയില്‍ ലീഗ് എംഎല്‍എമാരും ബിജെപി ജില്ലാ പ്രസിഡന്റും
X

മലപ്പുറം: തിരുനാവായയില്‍ സില്‍വര്‍ലൈനിനെതിരെ താമര സമരം. നാട്ടുകാരും താമര കര്‍ഷകരും ചേര്‍ന്നാണ് സമരം നടത്തിയത്. നെല്‍ കൃഷിയും താമര കൃഷിയും വ്യാപകമായ തിരുനാവായയിലെ പാടങ്ങളും തണ്ണീര്‍ തടങ്ങളും പദ്ധതിക്കായി നശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇവിടെ സമരം നടത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍, മുസ്ലിം ലീഗ് എംഎല്‍എമാരായ കെപിഎ മജീദ്, കുറുക്കോളി മൊയ്തീന്‍, കെ റെയില്‍ വിരുദ്ധ സമര സമിതി നേതാവ് നജീബ്, ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

വികസനത്തിന്റെ പേരില്‍ കാര്‍ഷിക ഭൂമി വഴി പദ്ധതി നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്നാണ് സമര സമിതി ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ ജൈവ വൈവിധ്യത്തിന്റേയും എന്തുകൊണ്ട് കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നു എന്നതിന്റെ നേര്‍ സാക്ഷ്യവുമാണ് ഈ പ്രദേശമെന്ന് സിആര്‍ നീലകണ്ഠന്‍ പറഞ്ഞു. ഇത് നശിപ്പിച്ചുകഴിഞ്ഞാല്‍ വീണ്ടെടുക്കാന്‍ സാധിക്കില്ല. അതിനാലാണ് സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമിതി പ്രദേശത്ത് സമര പന്തലൊരുക്കുമെന്നും ഇത് കല്ലിടലിനെതിരെ നിരീക്ഷണ പന്തലായിരിക്കുമെന്നും സമര സമിതി അറിയിച്ചു.

കേരളത്തിലെ തന്നെ ഏറ്റവും വലിയ താമരപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തിരുനാവായ. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലേക്ക് താമര ഇവിടെ നിന്നാണ് എത്തിക്കുന്നത്. നെല്‍ വയലുകളുടേയും താമരപ്പാടങ്ങളുടേയും പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെയാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് സമര സമിതി ചൂണ്ടിക്കാണിച്ചു. വരും ദിവസങ്ങളിലും ശക്തമായ സമര പരിപാടികളുമായി മുന്നോട് പോകാനാണ് സമര സമിതിയുടെ തീരുമാനം.

STORY HIGHLIGHTS: Lotus strike against SilverLine project at Tirunavaya leaded by League MLAs and BJP District president

Next Story