തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആലപ്പുഴയിൽ എരുമക്കുഴി വാർഡ് നിലനിർത്തി എൽഡിഎഫ്
22 July 2022 6:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: പാലമേല്‍ പഞ്ചായത്ത് എരുമക്കുഴി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ സജി കുമാര്‍ 88 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എസ് രവീന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. സിപിഐഎഎമ്മിലെ കെ ബിജു അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
കൊല്ലം ജില്ലയിലെ ചവറ, ഇളമ്പള്ളൂർ പഞ്ചായത്തുകളിലെ രണ്ടു വാർഡുകൾ യുഡിഎഫും ബിജെപിയും നിലനിർത്തി. കൊറ്റൻകുളങ്ങര വാർഡിൽ ആർഎസ്പി സ്ഥാനാർത്ഥി അംബികദേവി 123 വോട്ടുകൾക്ക് വിജയിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് ആലുംമൂട് വാർഡിൽ ബിജെപി സ്ഥാനാർത്ഥി ശ്രീജിത്ത് ജെ 22 വോട്ടുകൾക്ക് ജയിച്ചു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്. 216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മിനു മനോജ് സർക്കാർ ജോലി കിട്ടിയതിനെ തുടന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 477, യുഡിഎഫ് 261, ബിജെപി 99 എന്നിങ്ങനെയാണ് വോട്ട് നില. എന്നാൽ ഫലം ഭരണത്തെ ബാധിക്കില്ല.
തൃശൂർ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. 416 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രേമലത വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഗ്രീഷ്മ പി ആർ 121 വോട്ട് നേടി.
അതേസമയം,ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് അംഗം മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 8, യുഡിഎഫ് 6 ,ബിജെപി 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
STORY HIGHLIGHT: LDF retained Erumakuzhi ward in Alappuzha