Top

'ഇപ്പോള്‍ തന്നെ നിയമമുണ്ട്'; ഭൂപരിഷ്‌കരണം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കാനം

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി സാധ്യമാവില്ലെന്നും കാനം പറഞ്ഞു

12 March 2022 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇപ്പോള്‍ തന്നെ നിയമമുണ്ട്; ഭൂപരിഷ്‌കരണം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കാനം
X

ന്യൂഡല്‍ഹി: ഭൂപരിഷ്‌കരണം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നടത്തിയ പ്രഖ്യാപനത്തിനെതിരെയാണ് കാനം രംഗത്തെത്തിയിരിക്കുന്നത്. തോട്ടങ്ങളില്‍ ഇടവിളയായി മറ്റ് വിളകള്‍ കൃഷി ചെയ്യാന്‍ ഇപ്പോള്‍ തന്നെ നിയമമുണ്ടെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി സാധ്യമാവില്ലെന്നും കാനം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭൂപരിഷ്‌കരണം ഭേദഗതി ചെയ്യാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടൊന്നുമില്ല. അത് ചര്‍ച്ച ചെയ്‌തേ തീരുമാനിക്കാന്‍ പറ്റൂ. ഈ നിര്‍ദ്ദേശം നേരത്തേ ഉണ്ടായിരുന്നതാണ്. കഴിഞ്ഞ വര്‍ഷവും ഉണ്ടായിരുന്നു. തോട്ടത്തില്‍ ഉപയോഗ്യ ശൂന്യമായ സ്ഥലത്ത് ഇടവിളയായിട്ട് കൃഷി ചെയ്യാമെന്ന് ഇപ്പോള്‍ തന്നെ നിയമമുണ്ട്. നിയമം ഇപ്പോള്‍ മാറ്റുന്നൊന്നുമില്ലല്ലോ', സിപിഐ നിലപാട് ഇതേക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പ്രഖ്യാപിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

നേരത്തേ, തോട്ടഭൂമി നയത്തില്‍ സമൂലമാറ്റം ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റില്‍ സിപിഐ അതൃപ്തി അറിയിച്ചു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച സംയോജിത കൃഷി രീതി നടപ്പാക്കുമ്പോള്‍ ഭൂപരിഷ്‌കരണ നിയമം തന്നെ ഭേദഗതി വരുത്തണം. ഈ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ കാനം തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

തോട്ടഭൂമിയില്‍ മറ്റ് വിളകള്‍ കൃഷി ചെയ്യാനുള്ള നിര്‍ദ്ദേശത്തെ സിപിഐ എതിര്‍ക്കുമെന്നാണ് സൂചന. ബജറ്റ് പ്രഖ്യാപനം വന്നെന്ന് കരുതി നടപ്പാവണമെന്നില്ല. തോട്ട നയത്തില്‍ സമാന നിര്‍ദ്ദേശങ്ങള്‍ വന്നിട്ടും അവ നടപ്പായോ എന്ന് സിപിഐ നേതൃത്വം ചോദിക്കുന്നു. കാര്‍ഷിക നയത്തില്‍ ഭേദഗതി വരുത്തുന്നതിന് മുമ്പ് ചര്‍ച്ച വേണമെന്നാണ് സിപിഐ നേതൃത്വത്തിന്റെ ആവശ്യം.

പ്രഖ്യാപനം കൃഷി ഭൂമി ലാഭകരമാക്കുമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തീരുമാനം പ്രായോഗികമാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യവസായമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.നിലവിലെ കൃഷി രീതിയില്‍ നിന്ന് മാറി സംയോജിത ബഹുവിള കൃഷി നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. എന്നാല്‍ ഇത് ഭൂപരിഷ്‌കരണ നിയമങ്ങളെ മാറ്റുന്നതല്ലെന്ന് മന്ത്രി വിശദീകരിച്ചിരുന്നു. തോട്ട ഭൂമിയെ ആ രീതിയില്‍ തന്നെ നിലനിര്‍ത്തണം. മറ്റ് വിളകള്‍ കൂടി വരുന്നതോടെ കൃഷിയിടം കൂടുതല്‍ ലാഭകരമാകും എന്നും ധനമന്ത്രി അവകാശപ്പെട്ടു.

STORY HIGHLIGHTS: Land reform was not intended to be amended says Kanam Rajendran

Next Story