Top

'എസ്എഫ്‌ഐക്ക് ചെയ്യാമെങ്കില്‍ എകെജി സെന്ററിന്റെ ജനലിന്റെ ഗ്ലാസ് ഒറ്റക്ക് എറിഞ്ഞു പൊട്ടിക്കും'; യുവാവിനെ കസ്റ്റഡിയിലെടുത്തത് ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍

എകെജി സെന്റര്‍ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ് യുഡിഎഫ്

2 July 2022 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എഫ്‌ഐക്ക് ചെയ്യാമെങ്കില്‍ എകെജി സെന്ററിന്റെ ജനലിന്റെ ഗ്ലാസ് ഒറ്റക്ക് എറിഞ്ഞു പൊട്ടിക്കും; യുവാവിനെ കസ്റ്റഡിയിലെടുത്തത് ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍
X

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് 'എകെജി സെന്ററിന്റെ ജനലിന്റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കും' എന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍. പൊലീസ് കസ്റ്റഡിയില്‍ ഉള്ള റിജു സച്ചു ഇക്കഴിഞ്ഞ ജൂണ്‍ 25 നായിരുന്നു പോസ്റ്റിട്ടത്. രാഹുല്‍ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് താന്‍ എകെജി സെന്ററിന്റെ ഗ്ലാസ് തകര്‍ക്കുമെന്ന് റിജു പോസ്റ്റിട്ടത്.

'എസ്എഫ്‌ഐ എന്ന പട്ടികള്‍ക്ക് ഒരുമിച്ചു ചെയാം എങ്കില്‍.... എകെജി സെന്റര്‍ ....... അതിലെ ഒര് ജനലിന്റെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കും ഒറ്റക്ക്' എന്നായിരുന്നു റിജു സച്ചുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കേസില്‍ ഇന്ന് രാവിലെയാണ് റിജുവിനെ അറസ്റ്റ് ചെയ്തത്. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം കസ്റ്റഡിയിലെടുത്തയാള്‍ സംഭവസമയം ആ പരിസരത്ത് ഉണ്ടായിരുന്നില്ല.

അതേസമയം എകെജി സെന്റര്‍ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ് യുഡിഎഫ്. ഇന്ന് യുഡിഎഫ് സെക്രട്ടറിയേറ്റിലേക്കും കളക്ട്രേറ്റിലേക്കും മാര്‍ച്ച് നടത്തും. ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സിപിഐഎം പ്രതിഷേധ സമരമുണ്ടായിരുന്നു. എകെജി സെന്ററിന് നേരെ നടന്നത് ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

Next Story