ഏഴ് കളിക്കാരെ മറികടന്ന് മെസ്സിയുടെ അത്ഭുത ​ഗോൾ; ഇന്‍റര്‍ മയാമി വീണ്ടും വിജയവഴിയിൽ

കോർട്ടിന്റെ മധ്യഭാ​ഗത്ത് നിന്ന് ലൂയിസ് സുവാരസിൽ നിന്നും പാസ് സ്വീകരിച്ച മെസ്സി പിന്നീട് ഒറ്റയ്ക്കാണ് പന്തുമായി മുന്നേറിയത്

ഏഴ് കളിക്കാരെ മറികടന്ന് മെസ്സിയുടെ അത്ഭുത ​ഗോൾ; ഇന്‍റര്‍ മയാമി വീണ്ടും വിജയവഴിയിൽ
dot image

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ പ്രീക്വാർട്ടറിൽ യൂറോപ്പ്യൻ ഫുട്ബോളിന്റെ ചാംപ്യന്മാരായ ഫ്രഞ്ച് ക്ലബ് പി എസ് ജിയോടേറ്റ തോൽവിയിൽ നിന്ന് കരകയറി ഇന്റർ മയാമി. മേജർ ലീ​ഗ് സോക്കറിൽ മോണ്‍ട്രിയലിനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും തിരിച്ചുവരവ്. മത്സരത്തിൽ രണ്ടും ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി മയാമിക്കായി സംഭാവന ചെയ്തത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ പ്രിൻസ് ഒവുസു മോൺ​ട്രിയലിനായി വലകുലുക്കി. ആദ്യ 10 മിനിറ്റിന് ശേഷമാണ് മയാമി താരങ്ങൾ മത്സരത്തിൽ താളം കണ്ടെത്തിയത്. എങ്കിലും ​ഗോൾവല ചലിപ്പിക്കാൻ 33-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മെസ്സിയുടെ അസിസ്റ്റിൽ ടാഡിയോ അല്ലെൻഡെ മയാമിക്കായി സമനില ​ഗോൾ കണ്ടെത്തി.

40-ാം മിനിറ്റിൽ മെസ്സിയുടെ ആദ്യ ​ഗോളിൽ ഇന്റർ മയാമി മത്സരത്തിൽ മുന്നിലെത്തി. ടോമസ് അവിലേസ് നൽകിയ പാസ് ഹെഡറിലൂടെ ലൂയിസ് സുവാരസ് ലയണൽ മെസ്സിക്ക് കൈമാറി. പിന്നാലെ പന്തുമായി മുന്നേറിയ മെസ്സി മോൺട്രിയൽ പ്രതിരോധത്തെ നിസഹായരാക്കി തന്റെ ഇടംകാൽ മാജിക്കിലൂടെ വലകുലുക്കി. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഇന്റർ മയാമി ലീഡ് ചെയ്യാനും സാധിച്ചു.

60-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയ മയാമിക്കായി വലചലിപ്പിച്ചു. 62-ാം മിനിറ്റിലാണ് മെസ്സി എതിരാളികളെ നിഷ്ഫലമാക്കി ലയണൽ മെസ്സിയുടെ ​ഗോൾ പിറന്നത്. ഏകദേശം കോർട്ടിന്റെ മധ്യഭാ​ഗത്ത് നിന്നായി ലൂയിസ് സുവാരസിൽ നിന്നും പാസ് സ്വീകരിച്ച മെസ്സി പിന്നീട് ഒറ്റയ്ക്കാണ് പന്തുമായി മുന്നേറിയത്. ഏഴോളം പ്രതിരോധ താരങ്ങൾ തടയാൻ ശ്രമിച്ചിട്ടും മെസ്സി മോൺട്രിയൽ ബോക്സിനുള്ളിലെത്തുകയും വലകുലുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മെസ്സിയുടെ പാസ് വലയിലാക്കാൻ ലൂയിസ് സുവാരസ് ശ്രമിച്ചെങ്കിലും മോൺട്രിയൽ ​ഗോൾകീപ്പറിന്റെ ഇടപെടൽ ​ഗോൾ നിഷേധിച്ചു.

അവസാന 30 മിനിറ്റിൽ ഇരുടീമുകൾക്കും ​​ഗോൾവല ചലിപ്പിക്കാൻ സാധിച്ചില്ല. ഇതോടെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് മയാമി സംഘം വിജയം സ്വന്തമാക്കി. മേജർ ലീ​ഗ് സോക്കറിൽ 17 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയം നേടിയ ഇന്റർ മയാമി 32 പോയിന്റുകൾ നേടിയിട്ടുണ്ട്. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മയാമിയുടെ സ്ഥാനം.

Content Highlights: Lionel Messi's brace helps Inter Miami rout CF Montreal

dot image
To advertise here,contact us
dot image