എംബാപ്പെ ബ്രില്ല്യന്‍സ്; ബൊറൂസ്യയെ വീഴ്ത്തി റയല്‍ സെമിയില്‍

റയലിന്‍റെ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

dot image

ക്ലബ്ബ് ലോകകപ്പിൽ കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. ബൊറൂസ്യ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയ ലോസ് ബ്ലാങ്കോസ് സെമി ടിക്കറ്റെടുത്തു. ഗോൺസാലോ ഗാർസിയ, ഫ്രാങ്ക് ഗാർസിയ, കിലിയൻ എംബാപ്പെ എന്നിവരാണ് റയലിനായി വലകുലുക്കിയത്. ഇഞ്ചുറി ടൈമിൽ മാക്‌സിമില്യൻ ബിയേർ, സെർഹോ ഗുരാസി എന്നിവരാണ് ബൊറൂസ്യക്കായി സ്‌കോർ ചെയ്തത്.

മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അരങ്ങേറിയ പോരിൽ കളിയുടെ തുടക്കം മുതൽ തന്നെ റയലിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിന്റെ ആദ്യ ഇലവനിലുണ്ടായിരുന്നില്ല. പത്താം മിനിറ്റിൽ ലോസ് ബ്ലാങ്കോസിന്റെ യങ് സെൻസേഷൻ ഗോൺസാലോ ഗാർസിയ വലകുലുക്കി. ആർദ ഗുളറിന്റെ പാസിനെ വലയിലേക്ക് തിരിച്ച ഗാർസിയ ടൂർണമെന്റിൽ ഇത് നാലാം തവണയാണ് സ്‌കോർ ചെയ്യുന്നത്. 20ാം മിനിറ്റിൽ ഫ്രാങ്ക് ഗാർസിയ റയലിനായി ലീഡുയർത്തി.

67ാം മിനിറ്റിൽ അലക്‌സാണ്ടർ അർനോൾഡിന് പകരം എംബാപ്പെ മൈതാനത്തേക്ക്. ഇഞ്ചുറി ടൈമിലേക്ക് കടന്ന മത്സരത്തിൽ റയൽ രണ്ട് ഗോളിന്റെ വിജയമുറപ്പിച്ച് നിൽക്കേയാണ് ബൊറൂസ്യയുടെ മറുപടിയെത്തിയത്. 92ാം മിനിറ്റിൽ മാക്‌സിമില്യൻ വലകുലുക്കി.

എന്നാൽ 94ാം മിനിറ്റിൽ ഒരു മനോഹര ബൈസിക്കിൾ കിക്കിലൂടെ എംബാപ്പെ റയലിന്റെ ലീഡ് വീണ്ടും രണ്ടാക്കി ഉയർത്തി. തൊട്ടടുത്ത നിമിഷം ബൊറൂസ്യയുടെ തിരിച്ചടി. പെനാൽട്ടി ബോക്‌സിൽ വച്ചൊരു ബൊറൂസ്യ താരത്തെ ഫൗൾ ചെയ്തതിന് ഡീൻ ഹുയിസന് റെഡ് കാർഡ്. ബൊറൂസ്യക്ക് പെനാൽട്ടി. കിക്കെടുത്ത ഗുരാസിക്ക് പിഴച്ചില്ല. പന്ത് വലയിലായി. അവസാന വിസിലിന് സെക്കന്റുകൾക്ക് മുമ്പ് ബൊറൂസ്യക്ക് ഒരു സുവർണാവസരം കൂടി ലഭിച്ചെങ്കിലും തിബോ കോർട്ടുവയുടെ അതിശയ സേവ് റയലിനെ രക്ഷിച്ചു. സെമിയില്‍ പി എസ് ജിയാണ് റയലിന്‍റെ എതിരാളികള്‍.

Storyhightlight: Real Madrid beat Borussia Dortmund in the Club World Cup quarterfinals

dot image
To advertise here,contact us
dot image