ഭക്ഷണപ്രേമിയാണോ? ഇന്ത്യയില്‍ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളും ഭക്ഷണങ്ങളും ഇതാണ്...

ഭക്ഷണപ്രേമികൾ സന്ദർശിച്ചിരിക്കേണ്ട ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ

dot image

ഇന്ത്യ വ്യത്യസ്ത സംസ്‌കാരത്തിന്റെ, ഭാഷകളുടെ, പൈതൃകത്തിന്റെ, കാഴ്ച്ചകളുടെ അങ്ങനെ അങ്ങനെ ഒട്ടനവധി വൈവിധ്യങ്ങളുടെ നാടാണ്. ഇവിടെ വരുന്നവർക്ക് ഇന്ത്യ കണ്ടുതീരുമ്പോൾ ഈ രാജ്യത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ച് അത്ഭുതം തോന്നിയേക്കാം. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പല കാലാവസ്ഥകളായതിനാൽ കൃഷിയിലും വ്യത്യാസമുണ്ട്. ഇതിനനുസരിച്ച് ഓരോ നാട്ടിലെ ഭക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ഒരു ഭക്ഷണപ്രേമി ഇന്ത്യ സന്ദർശിക്കുകയാണെങ്കിൽ തീർച്ചയായും അയാൾക്ക് നിരാശപ്പെടേണ്ടി വരില്ല. ഇന്ത്യയിലുടനീളം സഞ്ചരിക്കുന്ന ഒരാൾ കഴിച്ചിരിക്കേണ്ട തനത് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കാശ്മീർ

വൈവിധ്യങ്ങൾ നിറഞ്ഞ നാടാണ് കാശ്മീർ, അവിടുത്തെ വിഭവങ്ങളും അതുപോലെ തന്നെ. ഗോഷ്തബ (മാംസം കൊണ്ടുള്ള ഒരുതരം വിഭവം), യഖ്‌നി (തൈര് ഉൾപ്പെടുത്തിയിട്ടുള്ള മട്ടൺ കറി), സസ്യാഹാരിയാണ് നിങ്ങളെങ്കിൽ ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ഓലവും കാശ്മീരി ചായയായ കവയും പരീക്ഷിക്കാവുന്നതാണ്.

സിക്കിം

സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി പ്രചാരത്തിൽ വന്ന് ഇപ്പോൾ എല്ലായിടത്തും ഹിറ്റാണ് മോമോസുകൾ. എന്നാൽ ഇന്ത്യയിൽ മോമോസിന് പ്രശസ്തമായ സ്ഥലം സിക്കിമാണ്. പച്ചക്കറികൾ മാത്രം ഉപയോഗിച്ച് വെജ്. മോമോസും, ഇറച്ചി ഉപയോഗിച്ച് നോൺ വെജ് മോമോസും ലഭിക്കും. മോമോസും, ചെറു ചൂടുള്ള തനത് സൂപ്പും, സോസും കഴിച്ചാൽ വയറിനൊപ്പം മനസും നിറയ്ക്കുന്നു. മോമോസ് കൂടാതെ തുപ്ക, ഫാഗ്ഷാപ എന്നിവയും സിക്കിമിലെ പ്രധാന ഭക്ഷണമാണ്.

രാജസ്ഥാൻ

രാജസ്ഥാൻ ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളുള്ള സ്ഥലമാണ് എന്നത് കൂടാതെ സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെ കൂടി 'നഗരമാണ്'. ദാൽ-ബാത്തി ചൂർമ, രുചികരമായ ഗേറ്റ്, ലാൽ മാസ്, കദി തുടങ്ങിയവയെല്ലാം രാജസ്ഥാൻ സ്പെഷ്യലാണ്. കൂടാതെ ബാലുഷാഹി, ഘേവർ, ഗുജിയ തുടങ്ങിയ ഗംഭീരമായ മധുര പലഹാരങ്ങളും ഇവിടെയുണ്ട്. ഇതെല്ലാം പരീക്ഷിച്ച ശേഷം മാത്രമേ ഒരു ഭക്ഷണപ്രിയനായ സഞ്ചാരി രാജസ്ഥാൻ വിടാൻ പാടുള്ളു.

ഡൽഹി

ഡൽഹി ഇന്ത്യയുടെ തലസ്ഥാനമാണ്, ഇവിടെയും പ്രധാനപ്പെട്ട കാഴ്ച്ചകൾക്കൊപ്പം, കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളുടെ ലോകവുമുണ്ട്. കബാബുകളും പറാത്തകളും മുതൽ ചോലെ ഭട്ടൂരയും ഗോൾഗപ്പയും വരെ ഇവിടുത്തെ തെരുവോരങ്ങളിലും കടകളിലുമായി ലഭിക്കും, രാത്രിയിൽ ഡൽഹി ന​ഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് അവിടുത്തെ തനത് ഭക്ഷണവും കഴിച്ചുള്ള ഒരു യാത്ര ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. റമദാൻ മാസത്തിൽ നഹാരിയോ ഹലീമോ പോലുള്ള പ്രത്യേക വിഭവങ്ങളും ന​ഗരത്തിൽ പ്രത്യക്ഷമാകും. ഡൽഹിയിലെ ഓരോ തെരുവിലും ഭക്ഷണപ്രേമികൾക്ക് എന്തെങ്കിലുമൊക്കെ പുതിയതായി കഴിക്കാതെ മടങ്ങാൻ കഴിയില്ല.

വാരണസി

വാരണസി ഒരു തീർത്ഥാടന കേന്ദ്രം, വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലെല്ലാം പ്രശസ്തിയാർജിച്ച ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലമാണ്. എന്നാൽ ഇവിടെയും ഭക്ഷണ വൈവിധ്യങ്ങളുണ്ട്. വിവിധതരം ചാട്ടുകൾ, നെയ്യ് ചേർത്ത ബാട്ടി, നുരയും പതയും നിറഞ്ഞ മലൈയ്, ചിക്കൻ ടിക്ക, ആചാരി മുർഗ് ഇങ്ങനെ ഒട്ടേറേ വിഭവങ്ങൾ വാരണസിയിൽ നിന്നും നിങ്ങൾക്ക് പരിചയപ്പെടാൻ കഴിയും. ചൗക്ക് - ഗോഡോവ്‌ലിയ പോലുള്ള ഭാഗങ്ങളിൽ മറ്റുചില വിഭവങ്ങളുടെ രുചിയും അനുഭവിക്കാൻ ഈ യാത്ര നിങ്ങളെ സഹായിക്കും.

മുംബൈ

ഭക്ഷണപ്രേമികൾക്കുള്ള ഇന്ത്യയിലെ പറുദീസയാണ് മുംബൈ! ബോമ്പിൽ ഫ്രൈ, സാൻഡ്വിച്ചുകൾ, ഫലൂഡ, ഫ്രാങ്കികൾ, മോദകം, കടൽ വിഭവങ്ങൾ തുടങ്ങി മുംബൈയുടെ തന്നെ മുഖമുദ്രയായി മാറിയ വടപാവ്, പാവ് ബാജി, ഭേൽ പുരിയും സേവ് പുരി തുടങ്ങി മുംബൈയിൽ നിങ്ങളെ കാത്തിരിക്കുന്ന ഭക്ഷണ വൈവിധ്യങ്ങൾ എണ്ണി‌യാലും, കഴിച്ചാലും തീരില്ല. കൂടാതെ ഇന്ത്യയിലെ ഒട്ടുമിക്ക ന​ഗരങ്ങളിലെ പ്രധാന ഭക്ഷണങ്ങളും മുംബൈയിൽ ലഭിക്കുമെന്ന് ഒരു പ്രത്യേകത കൂടിയുണ്ട്.

അരുണാചൽ പ്രദേശ്

തനതായ രുചികളും ​ഗ്രാമത്തിലെ ഭക്ഷണത്തിന്റെ രുചിയുമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അരുണാചൽ പ്രദേശിലേക്ക് പോകാവുന്നതാണ്. പുളിപ്പിച്ച അരിയിൽ നിന്ന് തയ്യാറാക്കിയ റൈസ് ബിയർ അപാംഗ് ഇവിടുത്തെ സവിശേഷകരമായ പാനീയമാണ്. തിബറ്റൻ സ്വാധീനമുള്ള തുക്പയും ചോറ്, മാംസം, മത്സ്യം എന്നിവയുമാണ് ഇവിടുത്തെ പ്രധാന ഭക്ഷണം.

Content Highlight; India’s Top Food Destinations Every Food Lover Should Explore

dot image
To advertise here,contact us
dot image