
ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി പാരിസ് സെന്റ് ജർമൻ ഫിഫ ക്ലബ് വേൾഡ് കപ്പ് സെമിയിലേക്ക് മാർച്ച് ചെയ്തു. മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൗ, ഡെംബലെ എന്നിവർ പി എസ് ജിക്കായി ഗോൾ നേടി. പി എസ് ജി യുടെ വില്യൻ പാച്ചോ, ലൂക്കാസ് ഹെർണാണ്ടസ് എന്നിവർ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും ബയേണിന് ഗോൾ നേടി തിരിച്ചുവരാനായില്ല.
സൂപ്പർ താരം ജമാൽ മുസിയാലയ്ക്ക് ഗുരുതര പരിക്കേറ്റത് ബയേണിന് തിരിച്ചടിയായി. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിലായിരുന്നു പരിക്കേറ്റത്. പി എസ് ജി യുടെ പെനാൽറ്റി ബോക്സിൽ മുസിയാലയുടെ കാൽ പി എസ് ജി ഗോൾ കീപ്പർ ഡോണറുമ്മയുടെ കാലിൽ കൂട്ടിമുട്ടുകയായിരുന്നു. മുസിയാലയുടെ പരിക്കുകണ്ട് ഡോണറുമ്മ തലയിൽ കൈവെയ്ക്കുന്നതും കാണാമായിരുന്നു. ഇത് പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കി. എത്രകാലം താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല.
Content Highlights: PSG knock out Bundesliga winners to reach FIFA Club World Cup semi-finals