
ഹോളിവുഡിലെ ജനപ്രിയ ഫ്രാഞ്ചൈസിയായ ജുറാസിക് പാർക്കിന്‍റെ ഏഴാമത്തെ ചിത്രമാണ് ജുറാസിക് വേൾഡ് റീബർത്ത്. സ്കാർലറ്റ് ജോഹാൻസൺ, മഹർഷല അലി, ജോനാഥൻ ബെയ്‌ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി വരുന്ന ചിത്രം 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയന്റെ തുടർച്ചയാണ്. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും കളക്ഷനിൽ ചിത്രം മുന്നേറുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യയിൽ നിന്ന് രണ്ട് ദിവസം കൊണ്ട് ചിത്രം 21 കോടി നേടിയെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം 8.25 കോടി നേടിയ സിനിമ രണ്ടാം ദിനം 12.75 നേടിയെടുത്തു. ചിത്രം തുടര്‍ന്നും ഇന്ത്യയിൽ നിന്ന് മികച്ച കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. ആഗോള ബോക്സ് ഓഫീസിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാനാകുന്നുണ്ട്. 318 മില്യൺ ഡോളർ സിനിമ ഇതുവരെ നേടിയെന്നാണ് റിപ്പോർട്ട്.
അതേസമയം സിനിമയ്ക്ക് നേരെ നിറയെ വിമർശനവും ഉയരുന്നുണ്ട്. മുൻ സിനിമകളിൽ നിന്നും ഈ ഭാഗം ഒട്ടും വ്യത്യസ്തമല്ലെന്നും ചിത്രം ബോറടിപ്പിക്കുന്നുണ്ടെന്നും കമന്റുകൾ ഉണ്ട്. പതിഞ്ഞ താളത്തിലാണ് സിനിമ സഞ്ചരിക്കുന്നതെന്നും ത്രില്ലിംഗ് ആയി ഒന്നും തന്നെ സിനിമ നൽകുന്നില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ മുൻ ജുറാസി വേൾഡ് സിനിമകളേക്കാൾ ഈ സിനിമ മികച്ചതാണെന്നും ഒരു വിഭാഗം പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.
ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് ഹൃദ്രോഗത്തിന് വിപ്ലവകരമായ ഒരു മരുന്ന് കണ്ടെത്താനുള്ള ഒരു രഹസ്യ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. റോഗ് വൺ: എ സ്റ്റാർ വാർസ് സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ ഗാരെത് എഡ്വേർഡ്സാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാർത്ഥ ജുറാസിക് പാർക്ക് തിരക്കഥാകൃത്തായ ഡേവിഡ് കോപ്പാണ്.
Content Highlights: Jurassic World Rebirth collection report