സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി; 'മതേതര ബംഗാളില്‍ ബിജെപിക്കിടമില്ല'

അതേ സമയം ബിജെപിയുടെ ക്ഷണത്തെ കോണ്‍ഗ്രസും സിപിഐഎമ്മും തള്ളി

സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി; 'മതേതര ബംഗാളില്‍ ബിജെപിക്കിടമില്ല'
dot image

കൊല്‍ക്കത്ത: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സമിക് ഭട്ടാചാര്യയാണ് സഖ്യത്തിനായി ഇരുപാര്‍ട്ടികളെയും ക്ഷണിച്ചത്.

ശ്യാമപ്രസാദ് മുഖര്‍ജ് ജന്മവാര്‍ഷികത്തോടൊനുബന്ധിച്ച് കൊല്‍ക്കത്ത റെഡ് റോഡില്‍ നടന്ന ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സമിക് ഭട്ടാചാര്യ. ബംഗാളിലെ ഇസ്‌ലാമിക മതമൗലികവാദവും മതഭ്രാന്തും തുടച്ചുനീക്കാന്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ബിജെപിയുടെ ക്ഷണത്തെ കോണ്‍ഗ്രസും സിപിഐഎമ്മും തള്ളി.

ഇന്ദിരാ ഗാന്ധി എപ്പോഴാണ് ആയുധമെടുത്തത്?. രാജ്യത്തിന്റെ ഭരണഘടനയെ മാറ്റി, ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന, രാജ്യത്തെ ഐക്യവും തുല്യതയും തുല്യാവകാശങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയിലെ വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്ലാവരും ഒന്നിക്കേണ്ടതുണ്ട്. അതാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. എല്ലാവരും ഒരുമിക്കുകയും ബിജെപിയെ പുറത്താക്കുകയുമാണ് വേണ്ടതെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

സിപിഐഎം നേതാവ് ശരദ്‌രൂപ് ഘോഷും ബിജെപി ക്ഷണത്തിനെതിരെ പ്രതികരിച്ചു. സമിക് ഭട്ടാചാര്യ വിദ്യാസമ്പന്നനും മാന്യനുമായ വ്യക്തിയാണ്. ജ്യോതിബസു ബിജെപിയെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിന് നല്ലത് പോലെ അറിയാം. ബിജെപി അപരിഷ്‌കൃതരുടെയും പ്രാകൃതരുടെയും പാര്‍ട്ടിയാണെന്നാണ് ജ്യോതിബസു പറഞ്ഞത്. അടല്‍ ബിഹാരി വാജ്‌പേയിയോട് ജ്യോതി ബസു പറഞ്ഞത്, നിങ്ങളുടെ പാര്‍ട്ടി അപരിഷ്‌കൃതരുടെയും പ്രാകൃതരുടെയും പാര്‍ട്ടിയാണ്, ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിങ്ങളുടെ പാര്‍ട്ടിക്ക് ഇടമില്ലെന്നാണ്. അത് കൊണ്ട് നിങ്ങള്‍ക്ക് ജ്യോതി ബസുവിന്റെ പാതയിലൂടെ ബംഗാളിനെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അദ്ദേഹം കാണിച്ചു തന്നെ വര്‍ഗീയത രഹിത ബംഗാളിനെ സംരക്ഷിക്കണമെന്ന് ശരദ്‌രൂപ് ഘോഷ് പറഞ്ഞു.

Content Highlights: Bengal BJP invites CPI(M) and Congress for alliance

dot image
To advertise here,contact us
dot image