
രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. ഹൈപ്പർ യൂറിസെമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ 40 വയസിന് മുകളിലുള്ളവരില്‍ കൂടുതലായി കാണാറുണ്ട്. തുടക്ക സമയത്ത് പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെയാണ് ഹൈപ്പർ യൂറിസെമിയ വരുന്നത്. എന്നാൽ ഇത് ചികിത്സിക്കാതിരുന്നാൽ ഹൃദയാഘാതത്തിനും വൃക്കരോഗങ്ങൾക്കും വരെ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലായി കാണപ്പെടുന്നവർക്ക് പാരമ്പര്യമായി ഹൃദ്രോഗ സാധ്യത ഇല്ലെങ്കിൽ പോലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാൻ കാരണമാകുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കൊളസ്‌ട്രോളോ, ധമനികളിൽ കൊഴുപ്പടിയുന്നതോ മാത്രമാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്നാണ് പൊതുധാരണ. എന്നാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതൽ മേൽപ്പറഞ്ഞ കാരണങ്ങൾക്കാണെങ്കിലും രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവർക്കും ഹൃദയാഘാതം സംഭവിക്കാമെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് രക്തക്കുഴലുകൾ കട്ടിയാവുന്നതോ, ചുരുങ്ങുന്നതോ ആയ മൈക്രോവസ്‌കുലാർ എന്ന അവസ്ഥയിലേക്ക് നയിക്കപ്പെടുന്നു. ഈ ബുദ്ധിമുട്ടുകൾ പലപ്പോഴും സ്‌കാനിങ് പോലുള്ള ടെസ്റ്റുകളിലൂടെ മനസിലാക്കാൻ സാധിക്കാറില്ല. എങ്കിലും ഹൃദയത്തിലേക്കുള്ള ഓക്‌സിജൻ സർക്കുലേഷനിൽ വ്യത്യാനങ്ങളുണ്ടാക്കാൻ ഇത് കാരണമാകും. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കും.
പ്യൂരിൻ അധികമുള്ള റെഡ് മീറ്റ്, കരൾ പോലുള്ള അവയവങ്ങളുടെ ഇറച്ചി, ബേക്കൺ, നത്തോലി, മത്തി, കക്ക തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ഈ ഭക്ഷണങ്ങൾ ശരീരത്തിലെ യൂറിക് ആസിഡ് ഉത്പാദനം വർധിപ്പിക്കും. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ ഇത് കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ, കഴിക്കുമ്പോൾ കുറഞ്ഞ അളവ് മാത്രമേ കഴിക്കുന്നുള്ളൂ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നത് യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നു. കുറഞ്ഞത് എട്ട് ഗ്ലാസെങ്കിലും വെള്ളം കുടിക്കുക. വെള്ളത്തിന് പുറമെ, നാരങ്ങ, കക്കരിക്ക, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കുന്ന ഡിറ്റോക്സ് വാട്ടറും നല്ലതാണ്.
ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഒരു ദിവസം 4-5 കപ്പ് കാപ്പി കുടിക്കുന്നവർക്ക് കാപ്പി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഗൗട്ട്(സന്ധികളെ ബാധിക്കുന്ന ഒരു ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് രോഗം) വരാനുള്ള സാധ്യത 59 ശതമാനംവരെ കുറവാണെന്ന് 2015-ലെ ഒരു പഠനം വ്യക്തമാക്കിയിരുന്നു.
കൊഴുപ്പ് കുറഞ്ഞ പാലും തൈരും യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. യോഗർട്ട്, പനീർ എന്നിവയും നല്ലതാണ്.
കുറഞ്ഞ അളവിൽ പോലും മദ്യം കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ബിയർ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും. മദ്യപാനം ഒഴിവാക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കും.
അമിതഭാരം യൂറിക് ആസിഡിൻ്റെ അളവ് വർധിപ്പിക്കുന്നു. നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മധുരപാനീയങ്ങളിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് യൂറിക് ആസിഡിൻ്റെ അളവ് വർധിപ്പിക്കാൻ കാരണമാകും. അതിനാൽ, ഈ ഭക്ഷണങ്ങൾ കുറയ്ക്കുന്നത് യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ശരീരഭാരം വർധിപ്പിക്കുന്നത് തടയാനുമാകും.
Content Highlight; How High Uric Acid Can Cause a Heart Attack