മുട്ടില്‍ മരം മുറി: ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് വ്യക്തത ഇല്ല, അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മടക്കി
14 Feb 2022 11:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിവാദമായ വയനാട് മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരുടെ ഇടപെടലിനെക്കുറിച്ച് വ്യക്തത ഇല്ലെന്ന് എഡിജിപി. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് എഡിജിപി മടക്കി. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെതാണ് നടപടി.
റിപ്പോര്‍ട്ടില്‍ മരം മുറിയില്‍ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച് കൃത്യമായി പറയുന്നില്ലെന്നും ഇക്കാര്യം വിശദമായി പരിശോധിക്കാനും എസ്പി സന്തോഷ് കുമാറിന് എഡിജിപി ശ്രീജിത്ത് നിര്‍ദേശം നല്കി. ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസര്‍ ഷെമീറിനെതിരെ പ്രതികള്‍ ഉന്നിയിച്ച ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓരോരുത്തരുടെ പങ്കും പ്രത്യേകം അന്വേഷിക്കാനാണ് എഡിജിപി ശ്രീജിത്തിന്റെ നിര്‍ദേശം.
മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത വിഷയത്തില്‍ വിവാദം തുടരുന്നതിന് ഇടെയാണ് പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. മരം മുറിയ്ക്കാന്‍ പ്രതികള്‍ക്ക് സഹായം നല്കിയ ലക്കിടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഉദ്യോഗസ്ഥന്റെ ഉന്നത ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് സസ്പെന്ഷന് പിന്‍വലിച്ചതെന്നാണ് വിഷയത്തില്‍ ആക്ഷേപം.
ലക്കിടി ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്പെന്റ് ചെയ്തത്. എന്നാല്‍ ഇവരുടെ സസ്പെന്ഷന് പിന്‍വിലച്ചത് മുട്ടില്‍ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.