ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനം; നട്ടെല്ലിനും അടിവയറ്റിനും ക്ഷതം, കേൾവി ശക്തി തകരാറിൽ: പരാതി

ശരീരത്തിലാകെ മർദ്ദനമേറ്റതിന്റെ മുറിവുകളുണ്ട്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഇയാൾ ആക്രമിച്ചു.
ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനം; നട്ടെല്ലിനും  അടിവയറ്റിനും ക്ഷതം, കേൾവി ശക്തി തകരാറിൽ: പരാതി

മലപ്പുറത്ത് നവവധുവിന് ഭർതൃവീട്ടിൽ ക്രൂര പീഡനം. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ യുവതിക്ക് ഭർത്താവിന്റെ ക്രൂര പീഡനമേറ്റതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചു എന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോൺ ചാർജറിൻ്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.

ശരീരത്തിലാകെ മർദ്ദനമേറ്റതിന്റെ മുറിവുകളുണ്ട്. യുവതിയെ കുനിച്ച് നി‍ർത്തി മർദ്ദിച്ചതിനെ തുട‍ർന്ന് നട്ടെല്ലിന് ക്ഷതമേറ്റു. അടിവയറ്റിനും മ‍ർദ്ദിച്ചു. ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്റതിനെ തുട‍ർന്ന് കേൾവി ശക്തി തകരാറിലായതായും പരാതിയിൽ പറയുന്നു. സൗന്ദര്യത്തിന്റെ പേരിൽ ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞ് മർദ്ദിക്കുമായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഇയാൾ ആക്രമിച്ചു. 2024 മെയ് 2 നായിരുന്നു വിവാഹം.

മ‍ർദ്ദന വിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടും, ആത്മഹത്യ ചെയ്യുമെന്നുമെല്ലാം ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. മ‍ർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ ഭ‍ർതൃവീട്ടുകാർ തന്നെ നാല് തവണയായി ആശുപത്രിയിൽ കൊണ്ടുപോകുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം യുവതി കുടുംബത്തെ ഫോണിൽ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നി വേങ്ങരയിലെ ഭർതൃവീട്ടിലെത്തിയപ്പോഴാണ് മകൾ ക്രൂരമായ പീഡനത്തിനിരയായതായി കുടുംബം മനസ്സിലാക്കുന്നത്.

ഇതോടെ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും പരിശോധിച്ചപ്പോൾ ശരീരത്തിലാകെ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് മനസ്സിലാകുകയും ചെയ്തു. ഇതിന് പിന്നാലെ മെയ് 22 ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമണമേറ്റതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകളടക്കം സമ‍ർപ്പിച്ച് നൽകിയ പരാതിയിൽ എന്നാൽ പൊലീസ് നടപടി സ്വീകരിക്കാനോ പ്രതിയെ പിടികൂടാനോ തയ്യാറായില്ല.

പിന്നീട് ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പ്രതി വിദേശത്തേക്ക് കടന്നുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. പൊലീസിന് വീഴ്ച പറ്റിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർതൃവീട്ടിൽ നിന്ന് ചികിത്സ നൽകിയതിന്റെ രേഖകളും കുടുംബം പൊലീസിൽ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ വേങ്ങര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിചിരിക്കുകയാണ് കുടുംബം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com