ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റോ? തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റോ? തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

ടി എന്‍ പ്രതാപന് വാര്‍ഡില്‍ പോലും സീറ്റ് കൊടുക്കരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വളളൂര്‍ രാജിവെക്കണമെന്നും എഴുതിയ പോസ്റ്ററുകളും കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന്റെ മതിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തൃശൂര്‍: തൃശൂരിലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര, എം പി വിന്‍സന്റ് എന്നിവര്‍ക്കെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ ജില്ലയിലെ പാര്‍ട്ടിയില്‍ മുറുമുറുപ്പ് ശക്തമാവുകയാണ്.

കോണ്‍ഗ്രസ് ബ്രിഗേഡിന്റെ പേരിലാണ് പോസ്റ്ററുകള്‍. അക്കരയിരുന്ന ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റാണോ? കെ മുരളീധരന്‍റെ പോസ്റ്ററുകള്‍ കിണറ്റില്‍ തള്ളിയ അനില്‍ അക്കരയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക, എം പി വിന്‍സെന്റ് ഒറ്റുകാരനാണ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

മുന്‍ എം പി ടി എന്‍ പ്രതാപന് വാര്‍ഡില്‍ പോലും സീറ്റ് കൊടുക്കരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വളളൂര്‍ രാജിവെക്കണമെന്നും എഴുതിയ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന്റെ മതിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക ആരോപണം അടക്കം ഉന്നയിച്ചായിരുന്നു പോസ്റ്ററുകള്‍. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 4,12,338 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ കെ മുരളീധരന് ലഭിച്ചത് 3,28,124 വോട്ടുകളാണ്. 2019 ലേതിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ടില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്.

logo
Reporter Live
www.reporterlive.com