കനത്തമഴ: കൊച്ചിയില് വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് രൂക്ഷം

താഴ്ന്ന പ്രദേശങ്ങളില് വീടുകളില് വെള്ളം കയറിയിട്ടുണ്ട്

dot image

കൊച്ചി: കൊച്ചിയില് കനത്ത മഴ. രാവിലെ ആരംഭിച്ച ശക്തമായ മഴയില് നഗരത്തില് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്ഫോ പാര്ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില് വീടുകളില് വെള്ളം കയറിയിട്ടുണ്ട്.

വാഹനങ്ങള് വെള്ളക്കെട്ടില് കുടുങ്ങി. ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന് അയ്യപ്പന് റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ഫോര്ട്ട് കൊച്ചിയില് കെഎസ്ആര്ടിസി ബസിന് മുകളില് മരം വീണു. ആര്ക്കും പരിക്കില്ല.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല് കോഴിക്കോട് വരെയുള്ള ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മണ്സൂണ് പ്രവചന പ്രകാരം ഇത്തവണ സംസ്ഥാനത്ത് കാലവര്ഷ സീസണില് സാധാരണയേക്കാള് കൂടുതല് മഴ ലഭിക്കാന് സാധ്യതയുണ്ട്. ജൂണ് മാസത്തിലും കേരളത്തില് സാധാരണ ലഭിക്കുന്ന മഴയേക്കാള് കൂടുതല് ലഭിക്കാന് സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറില് കേരളത്തിലെ എറണാകുളം, കോഴിക്കോട് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്, മലപ്പുറം ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് മിതമായ മഴയ്ക്കും പാലക്കാട്, കണ്ണൂര് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

dot image
To advertise here,contact us
dot image