'മൊബൈൽ ചാർജർ കൊണ്ട് കഴുത്തിൽ ചുറ്റി വലിച്ചു, കുനിച്ചു നിർത്തി പുറത്തിടിച്ചു'; നവവധുവിന്റെ പിതാവ്

സംഭവത്തിൽ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി ഗോപാലി(29)നെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

'മൊബൈൽ ചാർജർ കൊണ്ട് കഴുത്തിൽ ചുറ്റി വലിച്ചു, കുനിച്ചു നിർത്തി പുറത്തിടിച്ചു'; നവവധുവിന്റെ പിതാവ്
dot image

കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭര്തൃവീട്ടില് നവവധു നേരിട്ടത് ക്രൂരമര്ദ്ദനമെന്ന് യുവതിയുടെ പിതാവ്. കൃത്യസമയത്ത് സ്ഥലത്തെത്തിയതു കൊണ്ടു മാത്രമാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നത്. വിഷയത്തിൽ ഒരുവിധ ഒത്തുതീർപ്പിനുമില്ലെന്നും പിതാവ് വ്യക്തമാക്കി. വിവാഹമോചനം അടക്കമുള്ള നിയമനടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് യുവതിയുടെ കുടുംബം. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്.

കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തുവെന്ന് പിതാവ് ആരോപിച്ചു. മകളെ കണ്ടപ്പോൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. തങ്ങള് ചെന്നതിന് തേലദിവസമാണ് മകൾ ക്രൂരമായ പീഡനത്തിന് ഇരയായതെന്നും പിതാവ് പ്രതികരിച്ചു. സ്ത്രീധനം കുറഞ്ഞുപോയതാണ് മർദ്ദനത്തിന് പിന്നില കാരണമെന്നാണ് മകൾ പറഞ്ഞത്. സംഭവത്തിൽ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി ഗോപാലി(29)നെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാഹുലിനെതിരെ വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പട്ടു.

'ഗുരുവായൂര് ക്ഷേത്രത്തില്വെച്ച് മെയ് അഞ്ചാം തീയതിയാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹ ദിവസം തന്നെ ചെറുക്കന്റെ വീട്ടുകാര് മകളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. എറണാകുളത്തുവെച്ച് ഒന്പതാം തീയതിയായിരുന്നു റിസപ്ഷന്. എട്ടിന് എത്തിയ അവര് 10-ാം തീയതിയാണ് തിരിച്ചുപോയത്. വിവാഹ ശേഷം അടുക്കള കാണല് എന്ന ഒരു ചടങ്ങുണ്ട്. അതിനാല് ചടങ്ങിനായി 12-ാം തീയതി അങ്ങോട്ടേക്ക് പോയി. ഞങ്ങള് ചെല്ലുമ്പോള് മകള് വരാന്തയില് കാത്തു നില്ക്കുന്നുണ്ടാകുമെന്നാണ് കരുതിയത്. എന്നാല് കണ്ടില്ല. ചോദിച്ചപ്പോള് വസ്ത്രം മാറുകയാണെന്നാണ് പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞ് വന്നപ്പോള് ഒറ്റ് നോട്ടത്തില് തിരിച്ചറിയാന് കഴിയുന്നില്ലായിരുന്നു. മുഖമാകെ വിരൂപമായിരുന്നു. നെറ്റിയൊക്കെ മുഴച്ചിരുന്നു. മൂക്കില് നിന്ന് രക്തം വന്നതിന്റെ പാടുണ്ടായിരുന്നു. ഭയന്ന് നില്ക്കുന്ന രീതിയിലായിരുന്നു. സംസാരിക്കാന് സാധിക്കുന്നുണ്ടായിരുന്നില്ല.

മർദ്ദനത്തിനിരയായ മകള് ആശുപത്രിയിൽ ചികിത്സയിലാണ്. കൗൺസിലിങ് ഉൽപ്പടെ നൽകിവരുന്നുണ്ട്. മകളെ കണ്ട് ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണെന്നായിരുന്നു മറുപടി. എന്നാൽ വിശ്വാസം വരാതെ വന്നപ്പോൾ അവിടുത്തെ അമ്മയോട് ചോദിച്ചു. അവരും പറഞ്ഞത് കുളിമുറിയിൽ വീണതാണ് എന്നാണ്. എന്നിട്ട് ആശുപത്രിയിൽ പോയോ എന്ന് ചോദിച്ചപ്പോള് പോയി എന്നു പറഞ്ഞു. എക്സ്റേ എടുത്തോ എന്നു ചോദിച്ചപ്പോൾ അതിനുള്ള കുഴപ്പമൊന്നും അവൾക്കില്ല എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ ഞങ്ങൾക്ക് അത് ശ്വാസിക്കാനായില്ല. മോളോട് വീണ്ടും ചോദിച്ചപ്പോഴാണ് കുറച്ച് കുറച്ചായി വിവരം പറഞ്ഞത്.

അവന് നല്ല ആരോഗ്യമുണ്ട്. കീഴ്ച്ചുണ്ടും മേൽച്ചുണ്ടും താഴേക്കും മേലേക്കും ശക്തിയായി വലിച്ചു. മൊബൈൽ ചാർജർ കൊണ്ട് കഴുത്തിൽ ചുറ്റി വലിച്ചു. കുനിച്ചു നിർത്തി പുറത്തും ഇടിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പുറകെ വന്ന് ബെൽറ്റ് കൊണ്ട് അടിച്ചു. ഞങ്ങൾ ചെന്നതിന്റെ തലേന്ന് രാത്രി 2 മണിയോടെയാണ് ഇതൊക്കെ നടന്നത്. അതിന് മുമ്പ് അവർ ഏതോ ചടങ്ങിനു പോയിരുന്നു. തിരിച്ചു വന്നിട്ടാണ് ഇതൊക്കെ നടന്നത്. പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വന്നതാകാം കാരണം. കാറൊക്കെ അവർ പ്രതീക്ഷിച്ചിരുന്നു എന്നു തോന്നുന്നു. ഞങ്ങൾ അന്ന് ചെന്നതു കൊണ്ട് മാത്രമാണ് എന്റെ കുട്ടിയെ ജീവനോടെ കിട്ടിയത്. മറ്റൊരു വിസ്മയ ഉണ്ടാവാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ഞാൻ പന്തീരാങ്കാവിലെ പൊലീസിനോട് പറയുകയും ചെയ്തു', പിതാവ് പറഞ്ഞു.

കോഴിക്കോട് ആംബുലന്സ് ട്രാന്സ്ഫോര്മറില് ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us