കെവി തോമസ് എറണാകുളത്ത്?; ജനാധിപത്യപ്രക്രിയയില്‍ ആര് സ്ഥാനാര്‍ഥിയാകുന്നതിലും ദോഷമില്ലെന്ന് ഹൈബി ഈഡന്‍

കെവി തോമസ് എറണാകുളത്ത്?; ജനാധിപത്യപ്രക്രിയയില്‍ ആര് സ്ഥാനാര്‍ഥിയാകുന്നതിലും ദോഷമില്ലെന്ന് ഹൈബി ഈഡന്‍

പാർട്ടി മത്സരിക്കാൻ സ്ഥാനാർത്ഥിത്വം നൽകിയാൽ എല്ലാവിധത്തിലും തയാര്‍ ആണെന്നും ഹൈബി ഈഡൻ പറഞ്ഞു.

ഡല്‍ഹി: എറണാകുളത്ത് മത്സരിക്കാന്‍ കെ വി തോമസ് സന്നദ്ധത അറിയിച്ചു എന്ന വാർത്തയോട് പ്രതികരിച്ച് എറണാകുളത്തെ സിറ്റിങ് എംപി ഹൈബി ഈഡന്‍. ജനാധിപത്യ പ്രക്രിയയില്‍ ആര് സ്ഥാനാര്‍ത്ഥിയാകുന്നതിലും ദോഷമില്ലെന്ന് ഹൈബി ഈഡന്‍ റിപ്പോർട്ടറിനോട് പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണം. ആര് വന്നാലും അവരെ സ്വീകരിക്കും. പി രാജീവ് ഉൾപ്പെടെ എല്ലാവരെയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി.

തിരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. വളരെ കൃത്യമായ ഒരു കാഴ്ചപ്പാടാണ് ഞങ്ങളുടെ മനസ്സിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വലിയ ജനരോഷമാണ് നിലവിലുള്ളത്. ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യപ്പെടുമെന്ന് വിശ്വസിക്കുന്നു. പാർട്ടി മത്സരിക്കാൻ സ്ഥാനാർത്ഥിത്വം നൽകിയാൽ എല്ലാവിധത്തിലും തയാര്‍ ആണെന്നും ഹൈബി ഈഡൻ പറഞ്ഞു.

മുൻ എംപി 4.80 കോടി ചെലവഴിച്ചില്ലെന്നും കെ വി തോമസിനെതിരെ ഹൈബി ഈഡന്‍ പരോക്ഷ വിമര്‍ശനം ഉയർത്തി. തുടർച്ചയായ ഇടപെടൽ മൂലം എംപി ഫണ്ടിലേക്ക് ചെലവഴിക്കാതിരുന്ന 4.80 കോടി കൂടി ലഭിച്ചുവെന്നും ഇത് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞുവെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ വി തോമസ് സന്നദ്ധത അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാൻ മാനസികമായി തയ്യാറല്ല, എന്നാൽ വെല്ലുവിളികൾക്ക് മുന്നിൽ ഒളിച്ചോടില്ല എന്ന് കെ വി തോമസ് റിപ്പോർട്ടറിനോട് പറഞ്ഞു. വ്യക്തിപരമായി തനിക്കോ മക്കൾക്കോ ചാടി വീഴാനുള്ള താല്പര്യം ഇപ്പോഴില്ല. പക്ഷേ, പാർട്ടി ഉത്തരവാദിത്തം ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്യും. മകള്‍ മത്സരരം​ഗത്ത് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഏല്പിക്കുന്ന ജോലികൾ മകൾ രേഖ തോമസ് കൃത്യമായി ചെയ്യുമെന്നും വെല്ലുവിളികൾ സ്വീകരിച്ചു മുന്നോട്ട് പോകുന്നയാളാണ് മകൾ രേഖ തോമസെന്നും കെ വി തോമസ് പറഞ്ഞു. മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രേഖയെന്നും കെ വി തോമസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com