ശക്തമായ മഴയും നീരൊഴുക്കും; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

മഴ ശക്തമാണെങ്കിലും ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ആശങ്കയില്ല
ശക്തമായ മഴയും നീരൊഴുക്കും; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: ശക്തമായ മഴയില്‍ പുഴകളിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പും ഉയരുന്നു. പരമാവധി സംഭരണ ശേഷിയില്‍ എത്തിയ ജില്ലയിലെ ചെറുകിട അണക്കെട്ടുകളായ പൊന്മുടി, പാമ്പ്ല, കല്ലാര്‍ക്കുട്ടി അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. പൊന്മുടി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും, കല്ലാര്‍ക്കുട്ടി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറും, പാമ്പ്ല അണക്കെട്ടിന്‍റെ ഒരു ഷട്ടറുമാണ് തുറന്നിരിക്കുന്നത്. മഴ ശക്തമായി വീണ്ടും നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകളില്‍ നിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടി വരും.

അതേ സമയം മഴ ശക്തമാണെങ്കിലും ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ആശങ്കയില്ല. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 55 ശതമാനമാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ആകട്ടെ 133.9 അടിയും. 136 അടിക്ക് മുകളില്‍ എത്തിയാല്‍ മാത്രമാണ് മുല്ലപ്പെരിയാറിലെ ജനിരപ്പ് ഷട്ടറിനൊപ്പം എത്തുകയുള്ളു. അതേ സമയം ജില്ലയിലെ മറ്റ് ചെറുകിട അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നുമുണ്ട്. കുണ്ടള അണക്കെട്ടില്‍ 95 ശതമാനവും. മാട്ടുപ്പെട്ടിയിലും ആനയിറങ്കലിലും 80 ശതമാനം വീതവുമാണ് ജലനിരപ്പ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകളില്‍ നിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല. മറ്റ് ചെറുകിട അണക്കെട്ടുകള്‍ തുറക്കേണ്ടതായും വന്നേക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com