
തിരുവനന്തപുരം: തലസ്ഥാനത്ത് മോഷണകുറ്റം ചുമത്തി ദളിത് യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി. പേരൂർക്കട പൊലീസിന് എതിരെ നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടർന്ന് തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് ബിന്ദു പറയുന്നു. മൂന്ന് ദിവസമാണ് ബിന്ദു ഈ വീട്ടിൽ ജോലിക്ക് പോയത്. മറ്റൊരു വീട്ടിലെ ജോലി കഴിഞ്ഞു വരുമ്പോഴാണ് പൊലീസ് ബിന്ദുവിനെ വിളിപ്പിച്ചത്. തുടർന്ന് മാനസികമായി പീഡിപ്പിച്ചെന്ന് ബിന്ദു പറയുന്നു.
ഭയങ്കര ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്ന് ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു. 'മാലയെവിടെടീ എന്ന് ചോദിച്ച് ഭയങ്കരമായി ചീത്ത പറഞ്ഞു. വിവസ്ത്രയാക്കി പരിശോധന നടത്തി. അടിക്കാനും വന്നു. മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും എന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് എന്നോട് പറയുന്നില്ല.
പിന്നീട് എന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് എന്നോട് പറഞ്ഞത്', ബിന്ദു പറഞ്ഞു.
തനിക്ക് സഹിക്കാൻ പറ്റാത്ത അപമാനമാണ് ഉണ്ടായതെന്ന് ബിന്ദു പറഞ്ഞു. എല്ലാ പൊലീസുകാരും തന്നെ കള്ളിയാക്കാനാണ് ശ്രമിച്ചത്. ഈ പൊലീസുകാരെ വിടരുതെന്നും തനിക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാതെയായെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഏജൻസി വഴിയാണ് ബിന്ദുവിന് ജോലി ലഭിച്ചിരുന്നത്. ഈ പ്രശ്നം കാരണം മറ്റ് ജോലികൾ കിട്ടാൻ ബുദ്ധിമുട്ടാകുന്നുവെന്നും ബിന്ദു പറഞ്ഞു.
നാല് വർഷമായി താൻ ഇത്തരത്തിൽ ജോലിക്ക് പോകുന്നുവെന്നാണ് ബിന്ദു പറയുന്നത്. ഓമന ഡാനിയൽ, മകൾ നിഷ, പേരൂർക്കട എസ്‌ഐ പ്രസാദ് എന്നിവർക്കെതിരെയാണ് ബിന്ദു പരാതി നൽകിയിരിക്കുന്നത്. ഡിജിപി, എസ്‌സി-എസ്ടി കമ്മീഷൻ, മുഖ്യമന്ത്രി എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.
Content Highlights: Women falsely alleged in theft case tortured by police