
തിരുവനന്തപുരം: നവകേരള സദസിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഇന്നുമുതൽ നടക്കുന്നത് ദുരിത കേരള സദസ്സാണെന്ന് പറഞ്ഞ അദ്ദേഹം പരിപാടിയെ നവ കേരള ബെൻസ് യാത്രയെന്ന് പരിഹസിക്കുകയും ചെയ്തു. ജനത്തെ കബളിപ്പിക്കുന്ന യാത്രയാണിത്. ജനം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്തും ആഡംബരവും നടത്തുകയാണ്. ഈ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് യുഡിഎഫ് എംഎൽഎമാർ ചെയ്യുന്ന ഹിമാലയൻ ബ്ലൻഡർ ആയേനെ എന്നും ഹസൻ പറഞ്ഞു. ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു.
മുസ്ലിം ലീഗ് എംഎൽഎ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഇടം നേടിയതിനെക്കുറിച്ചും ഹസൻ പ്രതികരിച്ചു. വാർത്തയറിഞ്ഞ് അങ്ങോട്ടു വിളിച്ചാണ് കാര്യങ്ങൾ ചോദിച്ചത്. ലീഗിന്റെ മറുപടി തൃപ്തികരമാണ്. കേരള ബാങ്ക് രൂപീകരണത്തിനെതിരെയുള്ള നടപടികൾ തുടർന്നു പോകുമെന്നും ലീഗ് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ധാർമികത ഉണ്ടോ എന്നുള്ള ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്ന് എം എം ഹസ്സൻ മറുപടി നൽകി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ കുറിച്ച് പറയാൻ താൻ ആളല്ല എന്നാണ് എം എം ഹസൻ പ്രതികരിച്ചത്. എന്ത് അന്വേഷണവും യൂത്ത് കോൺഗ്രസ് നേതൃത്വം തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.