
കോഴിക്കോട്: താമരശ്ശേരിയിലും യൂത്ത് കോൺഗ്രസിന് അജ്ഞാത മണ്ഡലം പ്രസിഡൻ്റെന്ന് ആരോപണം. മണ്ഡലം പ്രസിഡൻ്റായി ജയിച്ച റിയാസ് വെങ്കടയ്ക്കലിനെ പരിചയമില്ലെന്നാണ് നേതാക്കൾ പറയുന്നത്. ജയിച്ച ശേഷം റിയാസ് വെങ്കടയ്ക്കൽ ബന്ധപ്പെട്ടില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നാസിമുദീൻ എം സി റിപ്പോർട്ടറിനോട് പറഞ്ഞു. റിയാസിനെ പ്രചാരണഘട്ടത്തിൽ കണ്ടില്ലെന്നും ഇതുവരെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളില് ഇല്ലെന്നും കോൺഗ്രസിൻ്റെ മണ്ഡലം പ്രസിഡൻ്റ് വ്യക്തമാക്കി.
എന്നാൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നാസിമുദീൻ്റെ ആരോപണം തള്ളി യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹീൻ കിനാലൂർ രംഗത്തു വന്നിട്ടുണ്ട്. റിയാസ് വെങ്കടയ്ക്കൽ വിസിറ്റിംഗ് വിസയിൽ വിദേശത്താണെന്നും സജീവ കെ എസ് യു പ്രവർത്തകൻ ആണെന്നുമാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വ്യക്തമാക്കുന്നത്. മണ്ഡലം പ്രസിഡൻ്റിൻ്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.
നേരത്തെ മലപ്പുറം കുറ്റിപ്പുറത്തെ മണ്ഡലം പ്രസിഡൻ്റും കാണാമറയത്താണെന്ന് ആരോപണം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദിനെ ആർക്കും അറിയില്ലെന്നാണ് പരാതി ഉയർന്നത്. മുഹമ്മദ് റാഷിദ് അജ്ഞാതനായി കാണാമറയത്ത് തുടരുന്നതായും ആരോപണം ഉയർന്നിരുന്നു.
274 വോട്ട് നേടിയ റാഷിദ് 40 വോട്ടിനാണ് എതിർസ്ഥാനാർത്ഥിയായ പി മുസ്തഫയെ പരാജയപ്പെടുത്തിയത്. എന്നാൽ വോട്ട് ചെയ്ത 274 പേർക്കുമറിയില്ല ഈ റാഷിദ് ആരാണെന്നും ഇയാൾ കാണാൻ എങ്ങനെയാണെന്നും. ഇപ്പോൾ മണ്ഡലത്തിലുള്ള മുഹമ്മദ് റാഷിദുമാരെയെല്ലാം വിളിച്ച് ചോദിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ യൂത്ത് കോൺഗ്രസുകാർ എന്നാണ് പരാതി.
ഔദ്യോഗികപക്ഷ സ്ഥാനാർഥിയായാണ് മുഹമ്മദ് റാഷിദ് മത്സരിച്ചത്. വ്യാജനായ വ്യക്തിയെ മത്സരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ട് പരാജയപ്പെട്ട സ്ഥാനാർത്ഥി പി മുസ്തഫ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിൽ ആസൂത്രിത അട്ടിമറി നടന്നെന്നാണ് എ ഗ്രൂപ്പിൻ്റെ ആരോപണം.