കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച്, നല്‍കാനാകില്ലെന്ന് ഇഡി

ഇ ഡി പിടിച്ചെടുത്ത രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ചിന് കൈമാറണം എന്നാണ് ആവശ്യം
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച്, നല്‍കാനാകില്ലെന്ന് ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും ക്രൈം ബ്രാഞ്ചും കൊമ്പുകോർക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ഇ ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകൾ ക്രൈം ബ്രാഞ്ചിന് നൽകാനാവില്ല എന്ന് ഇ ഡി കോടതിയെ അറിയിക്കുകയായിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി പിടിച്ചെടുത്ത രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാനാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് തൃശൂർ യൂണിറ്റ് കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന സി ബി ഐ പ്രത്യേക കോടതിയിലാണ് ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിച്ചത്.

ഇ ഡി പിടിച്ചെടുത്ത രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ചിന് കൈമാറണം എന്നാണ് ആവശ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. ഇ ഡി അന്വേഷണം ആരംഭിച്ചതിന് മുമ്പ് കരുവന്നൂർ ബാങ്കിൽ റെയ്ഡ് നടത്തി ക്രൈം ബ്രാഞ്ച് സംഘം 92 നിർണായക രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ രേഖകൾ കൈമാറാൻ ക്രൈം ബ്രാഞ്ച് തയ്യാറായില്ല എന്ന് ഇ ഡി നേരത്തേ കോടതിയെ അറിയിച്ചതാണ്. ഇ ഡി അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇവർ ശേഖരിച്ച തെളിവുകളുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചത്.

എന്നാൽ ക്രൈം ബ്രാഞ്ച് നടപടി അപക്വമാണെന്നാണ് ഇ ഡി യുടെ നിലപാട്. പിടിച്ചെടുത്ത രേഖകൾ നൽകാനാവില്ല എന്നും ക്രൈം ബ്രാഞ്ച് അനാവശ്യ ഏറ്റുമുട്ടലിന് ശ്രമിക്കുകയാണെന്നും കാണിച്ച് ഇ ഡി. കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com