'ലോകം മുഴുവൻ ഇതിനായി കാത്തിരിക്കുന്നു'; പുടിനൊപ്പം നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് സെലന്‍സ്‌കി

കൂടിക്കാഴ്ചയ്ക്ക് യുക്രെയ്ൻ തയ്യാറാണെന്നും സെലൻസ്കി കുറിച്ചു

dot image

കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. ഒടുവിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. നല്ലൊരു സൂചനയാണിത്. ലോകം മുഴുവൻ വളരെക്കാലമായി ഇതിനായി കാത്തിരിക്കുകയാണെന്ന് സെലൻസ്കി കുറിച്ചു. ഏതൊരു യുദ്ധവും അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി വെടിനിർത്തലാണ്. യുദ്ധം മുന്നോട്ട് കൊണ്ടു പോകുന്നതിൽ അർത്ഥമില്ല. യുക്രെയ്ൻ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി കുറിച്ചു.

സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ മെയ് 15 ന് യുക്രെയ്നുമായി നേരിട്ട് ചർച്ചകൾ നടത്താമെന്ന് പുടിൻ നിർദേശം വെച്ച് മണിക്കൂറുകൾക്കുളളിലാണ് സെലൻസ്കിയുടെ പ്രതികരണം. ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗാനുമായി സംസാരിക്കും. ഇത് വെടിനിർത്തലിലേക്ക് നയിച്ചേക്കാമെന്നും പുടിൻ നേരത്തെ പറ‍ഞ്ഞിരുന്നു.

വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് യുക്രെയ്ൻ നേരത്തെയും സമ്മതം അറിയിച്ചിരുന്നു. പക്ഷേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം നിലനിന്നപ്പോഴും സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യ സമ്മതം അറിയിച്ചിരുന്നില്ല. കൂടാതെ വെടിനിർത്തൽ കരാറിന് റഷ്യ സമ്മതിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഇന്നലെ കീവിൽ എത്തിയിരുന്നു. യുക്രെയ്നെ പിന്തുണച്ച് കൊണ്ടായിരുന്നു നേതാക്കളുടെ സന്ദർശനം.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവർ ഇന്നലെ കീവിൽ എത്തുകയും യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ആദ്യമായാണ് യൂറോപ്യൻ നേതാക്കൾ ഇത്തരത്തിലൊരു സംയുക്ത സന്ദർശനം നടത്തുന്നത്. എന്നാൽ യൂറോപ്യൻ നേതാക്കൾ നിർദ്ദേശിച്ച വെടിനിർത്തൽ അന്ത്യശാസനം വ്‌ളാഡിമിർ പുടിൻ നിരസിക്കുകയാണ് ചെയ്തത്. കീവുമായി നേരിട്ടുളള ചർച്ചകൾ നടത്താനും നേതാക്കൾ നിർദ്ദേശിച്ചുവെങ്കിലും പുടിൻ തയ്യാറല്ലെന്നാണ് അറിയിച്ചിരുന്നത്.

അമേരിക്കൊപ്പം യൂറോപ്യൻ നേതാക്കളെല്ലാം പുടിനെതിരെ ശബ്ദമുയർത്തുകയാണ്. സമാധാനത്തിന് പരി​ഗണന നൽകുന്നതിന് പുടിന് ഇപ്പോൾ അവസരം വന്നിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ കീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിരുപാധികമായ വെടിനിർത്തൽ ആവശ്യപ്പെടുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും അറിയിച്ചു. പുടിൻ സമാധാനത്തോട് വിയോജിപ്പാണ് പ്രകടിപ്പിക്കുന്നതെങ്കിൽ ട്രംപിനൊപ്പം ചേർന്ന് റഷ്യക്കെതിരെയുളള ഉപരോധങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Zelenskyy says it is 'positive sign' Russia is considering ending the war

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us