
തേങ്ങ ചിരകിയെടുത്തുകഴിഞ്ഞാല്‍ ചിരട്ട പിന്നെ നമുക്കൊരു ബാധ്യതയായിരുന്നു അല്ലേ. അത് എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ കത്തിച്ചു കളയലായി, തൊടിയിലേക്ക് എടുത്ത് കളയലായി…എന്നാലിപ്പോള്‍ കഥ മാറി. 'ചിരട്ടയ്‌ക്കൊക്കെ എന്താ വില' എന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങള്‍. നമ്മുടെ അടുക്കളയിലും മുറ്റത്തും പറമ്പിലുമൊക്കെ ഒരു ഉപയോഗവുമില്ലാതെ കിടക്കുന്ന ചിരട്ടയ്ക്ക് രാജ്യാന്തര വിപണിയില്‍ പൊന്നുംവിലയാണ്. വലിയ ഡിമാന്‍ഡാണ് ചിരട്ടയ്ക്ക്. കഴിഞ്ഞ മൂന്ന് മാസംകൊണ്ട് ചിരട്ടയ്ക്ക് രണ്ടിരട്ടിയിലധികമാണ് വില വര്‍ധിച്ചിരിക്കുന്നത്.
2025 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഒരു കിലോ ചിരട്ടയുടെ വില 8-9 രൂപ നിലവാരത്തിലായിരുന്നു. ഇന്ന് 27 രൂപയാണ് വില. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവടക്കം 31 രൂപവരെ ആയേക്കും. ഇപ്പോള്‍ മനസിലായില്ലേ സംഗതി ചെറിയ കാര്യമല്ല എന്ന്. വില വര്‍ധിച്ചതോടെ ചിരട്ട എടുക്കുന്ന സ്ഥാപനങ്ങളിലേക്ക് കിലോ കണക്കിനാണ് ചിരട്ട എത്തുന്നത്. ഇറ്റലി, ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി കൂടുതലും നടക്കുന്നത്.
സ്വാഭാവികമായും ആളുകള്‍ക്ക് സംശയമുണ്ടാകും എന്താണ് ചിരട്ടയ്ക്ക് ഇത്ര ഡിമാന്‍ഡ്, എന്തിനാണ് ചിരട്ട ഉപയോഗിക്കുന്നതെന്നൊക്കെ. പ്രധാനമായും കരിയുണ്ടാക്കി ജല ശുദ്ധീകരണം നടത്തുന്നതിന് വേണ്ടിയാണ് ചിരട്ട ഉപയോഗിക്കുന്നത്. ചിരട്ടയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കും വന്‍ ഡിമാന്‍ഡാണ്. പല ഉപയോഗപ്രദമായ വസ്തുക്കളും അലങ്കാര സാധനങ്ങളുമെല്ലാം നിര്‍മ്മിക്കാനും ചിരട്ട ഉപോയോഗിക്കാറുണ്ട്.
ചിരട്ടയ്ക്ക് മാത്രമല്ല നാളികേരത്തിനും വിപണിയില്‍ ഇപ്പോള്‍ നല്ല വിലയാണ് ലഭിക്കുന്നത്. ചിരട്ടയ്ക്കും നാളികേരത്തിനും വില കൂടുന്നതുകൊണ്ടുതന്നെ തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളിലെ ചിരട്ടക്കരി നിര്‍മ്മിക്കുന്ന ഫാക്ടറികളിലേക്കും കേരളത്തില്‍ നിന്ന് കണക്കില്ലാതെ ചിരട്ട എത്തിക്കൊണ്ടിരിക്കുകയാണ്.
Content Highlights :The price of Coconut Shell has almost doubled in the past three months