
തിരുവനന്തപുരം: ഗവർണർ ഭരണ സ്തംഭനം ഉണ്ടാക്കുകയാണെന്നും നീതി തേടിയാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇ പി ജയരാജന്. സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ല. ജനങ്ങളുടെ താൽപ്പര്യമാണ് സുപ്രീംകോടതിക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. സർക്കാരിന് ഗവർണറോട് തർക്കമില്ല. ഭരണം സുഗമമായി മുന്നോട്ട് പോകണം. നിയമസഭ പാസാക്കുന്ന നിയമം അംഗീകരിക്കണം. ഗവർണറാണ് തെറ്റ് തിരുത്തേണ്ടത് എന്നും ഇ പി ജയരാജന് പറഞ്ഞു.
ഗവർണർക്കെതിരായ ഹർജി തെറ്റാണെന്നും ഗവർണർ റബർ സ്റ്റാമ്പ് അല്ലെന്നുമുള്ള കെ സുധാകരന്റെ പ്രസ്താവന ഇ പി ജയരാജൻ തള്ളി. സുധാകരൻ്റെ പ്രസ്താവന ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചതു കൊണ്ടാണ്. സുധാകരന്റെ ശരിയും തെറ്റും നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നത്. സുധാകരന്റേത് ജല്പനമായി മാത്രമേ കാണുന്നുള്ളുവെന്നും ജയരാജൻ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ചുമതലകൾ നിർവഹിക്കുന്നതിൽ ഗവർണർ വീഴ്ച വരുത്തിയെന്നും ബില്ലുകൾ ഒപ്പിടാൻ നിർദേശിക്കണമെന്നും ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ പറയുന്നു.
ഗവർണർ ഒപ്പിടാത്ത എട്ട് ബില്ലുകളിൽ അഞ്ചെണ്ണം സർവകലാശാല ഭേദഗതി ബില്ലുകളാണ്. മൂന്ന് സർവകലാശാല ബിൽ 23 മാസമായിട്ടും ഒപ്പിട്ടില്ല. സഹകരണ ബിൽ പാസാക്കിയത് 14 മാസം മുമ്പാണ്. ലോകായുക്ത ബിൽ ഒരു വർഷമായിട്ടും ഒപ്പിട്ടില്ല. പൊതുജനാരോഗ്യ ബിൽ അഞ്ച് മാസമായിട്ടും ഒപ്പിട്ടിട്ടില്ല.