
കാസർകോട്: കാസർകോട് കുമ്പളയിലെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില് ബിജെപി നേതാവ് അനിൽ കെ ആന്റണിക്കെതിരെ കേസ്. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. കൻസ വനിതാ കോളെജിലെ വിദ്യാർത്ഥികളാണ് ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നത്.
കേരളത്തിൽ നിന്നുളള ദുഃസൂചനകൾ എന്ന രീതിയിലുളള പരാമർശത്തോടെയാണ് അനിൽ ആന്റണി കാസർകോട് നിന്നുള്ള ദൃശ്യങ്ങള് പങ്കുവെച്ചത്. പർദ്ദയിടാത്ത ഹിന്ദുസ്ത്രീകളെ കേരളത്തിലെ ബസിൽ നിന്നും ചീത്തവിളിച്ച് ഇറക്കിവിട്ടുവെന്നും പൊതുഗതാഗതസംവിധാനം ഉപയോഗിക്കണമെങ്കിൽ കൂടി കേരളത്തിലെ ഹിന്ദുസ്ത്രീകൾക്ക് പർദ്ദ ഇടേണ്ട ഗതികേടാണ് എന്നുമായിരുന്നു പ്രചാരണം.
ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസും സിപിഐഎമ്മുമുളള കേരളത്തിന്റെ മതേതരത്വം എന്നായിരുന്നു അനിലിന്റെ വിമർശനം. കുമ്പളയിൽ ഒരു കോളജിന് മുൻപിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണെന്ന് സ്ഥിരീകരിച്ചതോടെ അനിൽ ആന്റണി പോസ്റ്റ് പിൻവലിച്ചിരുന്നു.