പ്രശ്നം പർദ്ദയല്ല;വിദ്യാർത്ഥിനികൾ ബസ് തടഞ്ഞ സംഭവത്തിൽ അനില് ആന്റണിയുടെ കുപ്രചരണം, പിന്വലിക്കല്

കേരളത്തിൽ നിന്നുളള ദുഃസൂചനകൾ എന്ന രീതിയിലുളള പരാമർശത്തോടെയാണ് അനിൽ ആന്റണി ദൃശ്യമുൾപ്പടെ പോസ്റ്റ് ചെയ്തത്

dot image

കൊച്ചി: കാസർകോട് കുമ്പളയിൽ സ്റ്റോപ്പിൽ നിർത്താത്തതി നെ തുടർന്ന് കോളേജ് വിദ്യാർത്ഥികൾ ബസ് തടഞ്ഞ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെയുളളവരുടെ വിദ്വേഷ പ്രചരണം. ബസിൽ വസ്ത്രധാരണത്തിന്റെ പേരിൽ രണ്ട് മതത്തിൽപ്പെട്ടവർ തമ്മിൽ സംഘർഷമുണ്ടായെന്നാണ് കുപ്രചരണം. ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയടക്കം വിദ്യാർത്ഥികൾ ബസ് തടയുന്ന വീഡിയോ പ്രചരിപ്പിച്ചവരിൽ ഉൾപ്പെടുന്നു.

കേരളത്തിൽ നിന്നുളള ദുഃസൂചനകൾ എന്ന രീതിയിലുളള പരാമർശത്തോടെയാണ് അനിൽ ആന്റണി ദൃശ്യമുൾപ്പെടെ പോസ്റ്റ് ചെയ്തത്. പർദ്ദയിടാത്ത ഹിന്ദുസ്ത്രീകളെ കേരളത്തിലെ ബസിൽ നിന്നും ചീത്തവിളിച്ച് ഇറക്കിവിട്ടുവെന്നും പൊതുഗതാഗതസംവിധാനം ഉപയോഗിക്കണമെങ്കിൽ കൂടി കേരളത്തിലെ ഹിന്ദുസ്ത്രീകൾക്ക് പർദ്ദ ഇടേണ്ട ഗതികേടാണ് എന്നുമായിരുന്നു കുപ്രചാരണം. മുസ്ലിം വിരുദ്ധ പോസ്റ്റുകൾ തുടർച്ചയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഒരു എക്സ് അക്കൗണ്ടാണ് പ്രചാരണത്തിന് തുടക്കമിട്ടത്.

ഇത് അനിൽ ആന്റണിയും ഏറ്റുപിടിക്കുകയായിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസും സിപിഐഎമ്മുമുളള കേരളത്തിന്റെ മതേതരത്വം എന്നായിരുന്നു അനിലിന്റെ വിമർശനം. കുമ്പളയിൽ ഒരു കോളജിന് മുൻപിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണെന്ന് സ്ഥിരീകരിച്ചതോടെ അനിൽ ആന്റണി പോസ്റ്റ് പിൻവലിച്ചിരുന്നു. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓർട്ട് ന്യൂസ് ഈ പ്രചാരണം തെറ്റാണെന്ന് തെളിയിച്ചതോടെയാണ് അനിൽ ആന്റണി പോസ്റ്റ് പിൻവലിച്ചത്.

സ്റ്റോപ്പിൽ ബസ് നിർത്താതെ പോകുന്നത് പതിവായി; ബസ് തടഞ്ഞ് വിദ്യാർത്ഥിനികൾ

കുമ്പളയിലെ ശാന്തിപ്പളളത്തെ ഖൻസ് വനിതാ കോളേജിലെ വിദ്യാർത്ഥികളാണ് സ്റ്റോപ്പിൽ നിർത്താത്തതിനെ തുടർന്ന് ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. കോളേജ് സ്റ്റോപ്പിൽ നിന്ന് ഏറെ അകലെയായിട്ടാണ് ബസ് നിർത്താറുളളത്. ചില ബസുകൾ നിർത്താറുമില്ല. ഇതാണ് ബസ് തടയാൻ കാരണമായത്. സംഭവദിവസം ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ വാക്കുതർക്കവുമുണ്ടായിരുന്നു. ബസിനകത്ത് വച്ച് വിദ്യാർത്ഥിനികളും യാത്രക്കാരിയായ ഒരു സ്ത്രീയും തമ്മിലും തർക്കമുണ്ടായി. കാസർകോടൻ ശൈലിയിൽ പരസ്പരം തർക്കിക്കുന്ന ഈ ദൃശ്യം മാത്രം അടർത്തിയെടുത്താണ് പലരും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ നിജസ്ഥിതിയുമായി ഇത്തരം കുപ്രചാരണങ്ങൾക്ക് ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

dot image
To advertise here,contact us
dot image