തുറമുഖ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തവരാണ് യുഡിഎഫ്; കോൺഗ്രസിന്റേത് ജൽപ്പനം: എം വി ജയരാജൻ

'എൽഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോഴും പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്'

dot image

കണ്ണൂർ: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തവരാണ് യുഡിഎഫെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കോൺഗ്രസിന്റേത് ജൽപ്പനമാണ്. തുറമുഖ വിരുദ്ധ സമരത്തെ രണ്ടാം വിമോചന സമരം എന്നാണ് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഈ സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ജീവൻ ത്യജിച്ചും വിഴിഞ്ഞം വിരുദ്ധ സമരത്തിന് പിന്തുണ നൽകുമെന്ന് പറഞ്ഞു. ഈ സമരങ്ങളെ പിന്തുണച്ചവർ തന്നെ ഇപ്പോൾ തങ്ങളാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് പറയുന്നത് പരിഹാസ്യമാണെന്നും എം വി ജയരാജൻ പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ നിലപാട് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധത്തിലുള്ളതാണ്. എൽഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോഴും പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. തുറമുഖത്തിനെതിരായ സമരം എൽഡിഎഫ് ഒരിക്കലും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലസ്തീന് ഐക്യദാർഢ്യം സംഘടിപ്പിക്കുമെന്നും സിപിഐഎം ജില്ലാ കണ്ണൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കണ്ണൂരിൽ 16 ഇടത്ത് ഐക്യദാർഢ്യ പരിപാടി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേൽ ഭരണാധികാരി ബെഞ്ചമിൻ നെതന്യാഹു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ചൂണ്ടിക്കാണിച്ച എം വി ജയരാജൻ ഗാസയിൽ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ഇസ്രയേലിന് അധികാരമില്ലെന്നും വ്യക്തമാക്കി. ഇസ്രയേലിനെ പിന്തുണക്കുന്ന മോദി സർക്കാരിന്റെ നയം ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ ഇതുവരെയുള്ള നിലപാടിൽ നിന്നും വ്യത്യസ്തമായാണ് മോദിയുടെ സമീപനം. ഇത് യുദ്ധവെറിയന്മാരെ പിന്തുണക്കുന്ന സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ കെ ശൈലജയുടെ 'ഹമാസ് ഭീകരരെ'ന്ന പരാമർശത്തെക്കുറിച്ചും ജയരാജൻ വിശദീകരിച്ചു. ടീച്ചറും പാർട്ടി നേതാക്കളും കാര്യങ്ങൾ വിശദീകരിച്ച് കഴിഞ്ഞു. ഹമാസ് നടത്തിയ ആക്രമണത്തെ ന്യായീകരിക്കുന്നില്ല. എന്നാൽ അതിലേക്ക് എത്തിച്ചത് ഇസ്രയേൽ നടത്തിയ നിരന്തര ആക്രമണമാണ്. ഇതിൽ ഏതെങ്കിലും വാക്കോ വാചകമോ മാത്രം എടുത്തല്ല പരിശോധിക്കേണ്ടത്. 'യുദ്ധം വേണ്ട, സമാധാനം മതി' എന്നതാണ് എല്ലാത്തിന്റെയും സത്തയെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image