'സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്തത്'; അലന്‍സിയറിന്റെ പ്രസ്താവന അപലപനീയമെന്ന് വനിതാ കമ്മീഷന്‍

ചലച്ചിത്ര മേഖലയ്ക്ക് അവഹേളനം ഉണ്ടാക്കുന്ന നടപടിയാണിതെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ
'സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്തത്'; അലന്‍സിയറിന്റെ പ്രസ്താവന അപലപനീയമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങളിലെ നടന്‍ അലന്‍സിയറിന്റെ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അലന്‍സിയറിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ചലച്ചിത്ര മേഖലയ്ക്ക് അവഹേളനം ഉണ്ടാക്കുന്ന നടപടിയാണിതെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പ്രസ്താവനയില്‍ പ്രതികരിച്ചു.

'സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണ്. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്നതുമായ നടപടിയാണ്. ഇത് തീര്‍ത്തും അപലപനീയമാണ്', വനിത കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു.

വ്യാഴാഴ്ച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായത്. ചലച്ചിത്ര അവാര്‍ഡിലെ സ്ത്രീ ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണമെന്നാണ് ആവശ്യം. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.

'നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജ്യൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും,' എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

അതേസമയം പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് അലന്‍സിയറിന്റെ പ്രതികരണം. പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കേണ്ടതില്ല. ആരെയും ആക്ഷേപിച്ചിട്ടില്ല. വലിയ വേദിയില്‍ തന്നെയാണ് അത് പറയേണ്ടത്. എന്തിനാണ് പെണ്‍പ്രതിമ നമുക്ക് തരുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാന്‍ പറ്റാത്തത്. പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു. എന്റെയടുത്ത് സദാചാരം പറയാന്‍ വരേണ്ട. മലയാളം സിനിമയിലെ ഏക പീഡകന്‍ എന്ന് എന്നെ വിശേഷിപ്പിക്കേണ്ടതില്ല. അതിന് യോഗ്യതയുള്ള പലരും ഉണ്ട്. ആ വേദിയില്‍ തന്നെയായിരുന്നു എനിക്ക് ഈ കാര്യം പറയേണ്ടത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് ഒരു ആണ്‍ പ്രതിമ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. ഗൗരിയമ്മയെ എത്രകാലം ഉയര്‍ത്തികൊണ്ടുവന്നു ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. എന്നിട്ട് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കിയോ. ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്.' ചോദ്യങ്ങളോട് അലന്‍സിയര്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com