
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വ്യാഴം, വെളളി ദിവസങ്ങളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ആണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.
കണ്ടെയ്ൻമെന്റ് സോണിലുൾപ്പെട്ട കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുളള കോളേജുകളിലെ പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്. കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചിരുന്നു.
കണ്ടെയിന്മെന്റ് സോണില് ഉള്പ്പെട്ട മുഴുവന് സ്കൂളുകളിലേയും വിദ്യാര്ഥികള്ക്ക് വീട്ടിലിരുന്ന് അറ്റന്ഡ് ചെയ്യാവുന്ന തരത്തില് ഓണ്ലൈന് ക്ലാസുകള് സംഘടിപ്പിക്കാന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര് ഷാനവാസ് എസിന് നിര്ദേശം നല്കിയിരുന്നു. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്മെന്റ് സോണില് ഉള്പ്പെട്ടവരുടെ പരീക്ഷകള് പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ആള്ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്ദേശം. ഉത്സവങ്ങള്, പള്ളിപ്പെരുന്നാള് തുടങ്ങിയ ആഘോഷങ്ങള് ചടങ്ങുകള് മാത്രമാക്കി നടത്തണം. വിവാഹം ഉള്പ്പടെയുള്ള ചടങ്ങുകള്ക്കും നിയന്ത്രണമുണ്ട്.
പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്ക്കാരം തുടങ്ങിയ പരിപാടികള്ക്ക് പരമാവധി ആള്ക്കൂട്ടം കുറയ്ക്കണം. ആളുകള് കൂടുന്ന പരിപാടികള്ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള് മാറ്റിവെക്കാനും നിര്ദേശമുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയില് ഒരാള്ക്ക് കൂടി നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യപ്രവര്ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയില് കഴിയുന്നവരുടെ എണ്ണം മൂന്നായി. മരിച്ച രണ്ട് പേര്ക്ക് ഉള്പ്പടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
നിപ പോസിറ്റീവായവരെത്തിയ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്, കുടുംബാംഗങ്ങള്, സുഹൃത്തുക്കള്, ഇടപഴകിയ മറ്റ് വ്യക്തികള് എന്നിവയുടെ അടിസ്ഥാനത്തില് കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. 706 പേരാണ് കോണ്ടാക്ട് ലിസ്റ്റിലുള്പ്പെട്ടിട്ടുളളത്. 77 പേര് ഹൈ റിസ്ക് പട്ടികയില് ഉള്പ്പെട്ടു. 157 പേര് ആരോഗ്യ പ്രവര്ത്തകരാണെന്നും മന്ത്രി അറിയിച്ചിരുന്നു.