അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സംസ്ഥാനം മയക്കുമരുന്ന് സംഘങ്ങളുടെ കൈപ്പിടിയിലെന്ന് പ്രതിപക്ഷം

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്നും വി ഡി സതീശന്‍
അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സംസ്ഥാനം മയക്കുമരുന്ന് സംഘങ്ങളുടെ കൈപ്പിടിയിലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിനായി അനുമതി നിഷേധിച്ചത്. വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും സംഭവസ്ഥലത്തേക്ക് പോകുമ്പോഴും മനസ്സ് തകര്‍ന്നുപോകുന്ന സംഭവമായിരുന്നു ആലുവയിലേത് എന്നും വ്യാപകമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു.

ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണ് സംസ്ഥാനത്ത്. മയക്കുമരുന്ന് സംഘങ്ങളുടെ കൈപ്പിടിയിലാണ് കേരളം. മുഖ്യമന്ത്രി അഭിമാന ബോധത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഇത്രയും ക്രൈം വര്‍ധിച്ച കാലം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ എന്തുകൊണ്ട് വര്‍ധിക്കുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ. ക്രൂരമായ അക്രമങ്ങളാണ് ഈ സംസ്ഥാനത്ത് നടക്കുന്നത്. ഇതിനെ നേരിടാനുള്ള പ്ലാന്‍ ഓഫ് ആക്ഷന്‍ പൊലീസിനുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാനത്ത് എത്ര ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നോ എത്ര പ്രതികളെ പിടികൂടിയിട്ടുണ്ടെന്നോ എത്ര പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെന്നോ ഉള്ളതിന്റെ കണക്ക് ചോദിച്ചപ്പോള്‍ ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ലായെന്നാണ് പറഞ്ഞത്. സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനവും സ്‌പെഷ്യല്‍ ബ്രാഞ്ചും ദയനീയമായി പരാജയപ്പെട്ടു. ആധുനിക കാലത്തെ ഒരു സംവിധാനവും പൊലീസിന് ഇല്ല. ഇതര സംസ്ഥാനതൊഴിലാളികളുടെ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ഒന്നും കേരളത്തിന്റെ പക്കലില്ല. ഇന്‍വെസ്റ്റിഗേഷന് പോകുന്നതും ക്രമസമാധാന പാലയത്തിന് പോകുന്നതും പട്രോളിംഗിന് പോകുന്നതും എല്ലാം ഒരേ പൊലീസാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com