'രഞ്ജിത്തിന്റേത് സിനിമയെ വെല്ലുന്ന തിരക്കഥ, നിയമത്തിന്റെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു'; വിനയൻ

'സിനിമയെ വെല്ലുന്ന തിരക്കഥയാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്'
'രഞ്ജിത്തിന്റേത് സിനിമയെ വെല്ലുന്ന തിരക്കഥ, നിയമത്തിന്റെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു'; വിനയൻ

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിഷയത്തിൽ നിയമത്തിന്റെ കണ്ണിൽ പൊടിയിടാനാണ് രഞ്ജിത്ത് ശ്രമിക്കുന്നതെന്ന് സംവിധായകൻ വിനയൻ. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക, ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലെന്ന് വരുത്തി തീർക്കുക, ഇത്തരത്തിൽ സിനിമയെ വെല്ലുന്ന തിരക്കഥയാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നതെന്നും വിനയൻ ഫേസ്ബുക്കിലൂടെ കുറിച്ചു.

'ധാർമ്മികതയുടെ പേരിലാണങ്കിലും നിയമപരമായിട്ടാണങ്കിലും തെറ്റ് ചെയ്തു എന്ന് പകലുപോലെ വ്യക്തമായ സാഹചര്യത്തിൽ ചെയർമാൻ സ്ഥാനം രാജി വയ്കുന്നതാണ് മാന്യത എന്നാണ് ഞാൻ അന്നും ഇന്നും പറയുന്നത്. അല്ലാതെ കോടതിയിൽ കേസിനു പോകുമെന്നോ പ്രഖ്യാപിച്ച അവാർഡുകൾ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമെന്നോ ഞാനൊരിടത്തും പറഞ്ഞിട്ടില്ല.'

'ഒരു നിലപാടെടുത്താൽ യാതൊരു കാരണവശാലും ഞാനതിൽ നിന്നു മാറുകയില്ല എന്ന് എന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾക്കറിയാം. ജൂറി മെമ്പർമാരുടെ വോയിസ് ക്ലിപ്പ് ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെൻെറ നിലപാടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാൻ കരുതിയത്,' വിനയൻ കുറിപ്പിൽ വിശദീകരിക്കുന്നു.

സംവിധായകന്‍ ലിജീഷ് മുള്ളേഴത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീകോടതിലേക്ക് കേസ് പോകുന്നത്. ഇതിനെതിരെയുള്ള തടസ ഹർജി ഇന്ന് രഞ്ജിത്ത് കോടതിയിൽ സമർപ്പിക്കും. ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച തെളിവ് ഹൈക്കോടതി പരിഗണിച്ചില്ല. ഇതിന്മേല്‍ പൊലീസ് അന്വേഷണം നടത്തി കേസെടുക്കണമെന്നും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം റദ്ദാക്കണമെന്നുമാണ് പ്രത്യേക അനുമതി ഹര്‍ജിയിലെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com