
തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് ഭാഗികമായി തുറക്കാൻ സർക്കാർ അനുമതി. കുട്ടികളുടെ പാർക്കിനാണ് പ്രവൃത്തനാനുമതി നൽകിയത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് നീക്കം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം 2018 ലാണ് ദുരന്തനിവാരണ അതോറിറ്റി പിവിആർ ന്യാച്യൂറോ പാർക്ക് പൂട്ടിയത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് പാർക്ക് പൂട്ടാൻ ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പി വി അൻവർ നൽകിയ അപേക്ഷയിലാണ് പാർക്ക് തുറക്കാൻ അനുമതി ലഭിച്ചത്. കുട്ടികളുടെ പാർക്ക് വേലി കെട്ടി തിരിച്ചതാണെന്നും അവിടെ കളിയുപകരണങ്ങളാല്ലാതെ മറ്റ് നിർമാണങ്ങളില്ലെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ വാട്ടർ തീം പാർക്കിൻ്റെ മറ്റ് ഭാഗങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം വൈകും. വിശദമായ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.
സർക്കാർ നിയോഗിച്ച പ്രത്യേക സമിതി മുൻപാകെ പാർക്കിൻ്റെ നിർമാണ ഡിസൈൻ ഉടമ ഹാജരാക്കിയിരുന്നില്ല. ഇതോടെ നിർമാണങ്ങളുടെ സുരക്ഷ വിലയിരുത്താൻ സമിതിക്ക് സാധിച്ചില്ല. വാട്ടർ തീം പാർക്കിലെ നിർമാണങ്ങളുടെ സുരക്ഷാ പരിശോധന നടത്തണമെന്ന് സർക്കാർ ഉത്തരവിലുണ്ട്. പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള നടപടി.